കാസർകോട്ട് എ.ടി.എമ്മിൽ നിറക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ കവർന്നു
ഉദ്യോഗസ്ഥർ കൗണ്ടറിൽ കയറി എ.ടി.എം ബോക്സ് ക്രമപ്പെടുത്തുന്നതിനിടയിലാണ് കവർച്ച നടന്നതെന്നാണ് സൂചന
കാസർകോട്: ഉപ്പളയിൽ എ.ടി.എമ്മിൽ നിറക്കാൻ കൊണ്ടുവന്ന പണം കവർന്നു. 50 ലക്ഷം രൂപയടങ്ങിയ ഒരു ബോക്സാണ് വാനിന്‍റെ ഗ്ലാസ് തകര്‍ത്ത് കവർച്ച ചെയ്‌തത്.
ഉപ്പളയിലുള്ള ആക്സിസ് ബാങ്കിൻ്റെ എ.ടി.എം മെഷീനിൽ നോട്ടു നിറയ്ക്കുന്നതിനിടയിലായിരുന്നു കവർച്ച. ഇന്ന് രണ്ടുമണിയോടെയാണ് സംഭവം. നോട്ടു ബോക്സുകളുമായി എത്തിയ വാൻ എ.ടി.എമ്മിൻ്റെ മുന്നിൽ നിർത്തിയിട്ടിരുന്നു. ഉദ്യോഗസ്ഥർ കൗണ്ടറിൽ കയറി എ.ടി.എം ബോക്സ് ക്രമപ്പെടുത്തുന്നതിനിടയിലാണ് കവർച്ച നടന്നത് എന്നാണ് സൂചന. കൗണ്ടർ നിറയ്ക്കാൻ നോട്ടുകളടങ്ങിയ ബോക്സ് എടുക്കാനെത്തുമ്പോഴാണ് അത് മോഷ്ടിച്ച വിവരം ശ്രദ്ധയിൽപ്പെട്ടത്.
സെക്യുവർ വാലി എന്ന കമ്പനിയുടെതാണ് വാൻ. കവര്‍ച്ചക്കിരയായ വാനും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സാധാരണ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പമാണ് എ.ടി.എമ്മിൽ പണം നിറക്കാനെത്താറുള്ളത്. എന്നാൽ പണവുമായി എത്തിയ വാനിൽ സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നില്ല. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.