വ്യാജ രേഖാ കേസ്: കെ.വിദ്യ അട്ടപ്പാടി കോളജിൽ അഭിമുഖത്തിനെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
വിദ്യ വന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നും ആറ് ദിവസം മുമ്പ് വരെയുള്ളതേ ലഭിക്കൂവെന്നുമായിരുന്നു നേരത്തെ പൊലീസ് പറഞ്ഞിരുന്നത്.
പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതി കെ. വിദ്യ അട്ടപ്പാടി ഗവ. കോളജിൽ അഭിമുഖത്തിന് എത്തുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ജൂൺ രണ്ടാം തിയതി കോളജിൽ എത്തുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കോളജിൽ ഇന്ന് രാവിലെ പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നില്ല.
വിദ്യ വന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നും ആറ് ദിവസം മുമ്പ് വരെയുള്ളതേ ലഭിക്കൂവെന്നുമായിരുന്നു നേരത്തെ പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ 12 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണെന്ന് കോളജ് പ്രിൻസിപ്പൽ പറഞ്ഞിരുന്നു. ഇതേ തുടർന്ന് പൊലീസ് വീണ്ടും നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങൾ ലഭിച്ചത്.
പൊലീസും പ്രിൻസിപ്പലും മറ്റ് അധ്യാപകരും ചേർന്ന് നടത്തിയ പരിശോധനയിലാണ് സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയത്. ഇതിൽ, ജൂൺ രണ്ടിന് രാവിലെ 10.10ന് വെള്ള മാരുതി സ്വിഫ്റ്റ് ഡിസൈർ കാറിൽ ദിവ്യ കോളജിലെത്തുന്നത് കാണാം. മറ്റൊരാളാണ് കാർ ഡ്രൈവ് ചെയ്യുന്നത്.
10.11ന് കോളജിന്റെ ഓഫീസിലെത്തി ഫോം വാങ്ങി ഉടൻ പുറത്തിറങ്ങി.10.26ന് ഓഫീസിനകത്തേക്ക് ഫോമുമായി തിരിച്ചുകയറി. തുടർന്ന് 12.19നാണ് കോളജിൽ നിന്ന് അഭിമുഖത്തിനു ശേഷം തിരിച്ചുപോയത്.
അതേസമയം, ഓഫീസിലെ ചില ജീവനക്കാരാണ് ആറ് ദിവസത്തിന്റെ കാര്യം പറഞ്ഞതെന്നും പിന്നീട് പ്രിൻസിപ്പൽ പറഞ്ഞതുപ്രകാരമാണ് പരിശോധിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
അന്വേഷണ ഭാഗമായി പ്രിൻസിപ്പൽ അടക്കമുള്ള അധ്യാപകരുടെ മൊഴിയെടുത്തിട്ടുണ്ടെന്നും വിദ്യയെ അറസ്റ്റ് ചെയ്ത ചോദ്യം ചെയ്‌തെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാവൂ എന്നും അഗളി സി.ഐ കെ സലിം പറഞ്ഞിരുന്നു.
അട്ടപ്പാടി ഗവൺമെന്റ് കോളജിൽ എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യ ഹാജരാക്കിയത് സ്വയം സാക്ഷ്യപ്പെടുത്താത്ത രേഖകളാണെന്ന് പൊലീസ് കോളജിൽ നടത്തിയ പരിശോധനയിൽ വ്യക്തമാക്കിയിരുന്നു. കോളജിൽ സമർപ്പിച്ച എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റിന്റെ പകർപ്പിൽ വിദ്യ സ്വയം സാക്ഷ്യപ്പെടുത്തിയിട്ടില്ല.
പേരെഴുതി ഒപ്പിട്ടിട്ടില്ല. ഫോട്ടോസ്റ്റാറ്റ് കോപ്പി നൽകുമ്പോൾ സെൽഫ് അറ്റസ്റ്റ് പതിവാണ്. എന്നാലിവിടെ വിദ്യ അങ്ങനെ ചെയ്തിട്ടില്ലെന്നാണ് പരിശോധനയിൽ വ്യക്തമായത്. കേസുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്താനാണ് പൊലീസ് കോളജിൽ എത്തിയത്. തുടർന്ന് രേഖകൾ ശേഖരിച്ചു മടങ്ങുകയായിരുന്നു.