യേശുവിന്‍റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ പുതുക്കി ഇന്ന് ഈസ്റ്റർ
വിവിധ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. സഭാ നേതാക്കൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി
കോട്ടയം: ഈസ്റ്ററിനോട് അനുബന്ധിച്ച് വിവിധ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. സഭാ നേതാക്കൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. കുരിശിലേറ്റിയ യേശു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിൻ്റെ ഓർമ പുതുക്കിയാണ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നത്. തിരുവനന്തപുരം പട്ടം സെൻറ് മേരീസ് കത്തീഡ്രലിൽ കുർബാന ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ കാർമികത്വം വഹിച്ചു. രാജ്യത്ത് തുടർന്നുവരുന്ന സന്തോഷവും സമാധാനവും ഇനിയും തുടരണമെന്ന് ഈസ്റ്റർ ദിന സന്ദേശത്തിൽ ബസേലിയോസ് ക്ലീമിസ് ബാവ പറഞ്ഞു. പാളയം സെൻറ് ജോസഫ്സ് കത്തീഡ്രലിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നേതൃത്വം നൽകി. നൂറുക്കണക്കിന് വിശ്വാസികൾ പാതിരാ കുർബാനയുടെ ഭാഗമായി.
കോഴിക്കോട് മദര്‍ ഓഫ് ഗോഡ് കത്തീഡ്രലിൽ ദിവ്യബലിക്ക് കോഴിക്കോട് രൂപത അധ്യക്ഷന്‍ ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്‍കി.. പെസഹാ തിരി കത്തിച്ചു കൊണ്ടാണ് ചടങ്ങുകൾക്ക് തുടക്കമായത്.
താമരശ്ശേരി മേരി മാതാ കത്തീഡ്രൽ പള്ളിയിലെ താമരശ്ശേരി ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ നേതൃത്വം നൽകി.ഗുജറാത്തിലെ ബറോഡ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് വലിയപള്ളിയിൽ ഈസ്റ്റർ ശുശ്രൂഷകൾക്ക് ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു.
ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായ എറണാകുളം കരിങ്ങാച്ചിറ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു.
പുതുപ്പള്ളി നിലയ്ക്കൽ ഓർത്തഡോക്സ് പള്ളിയിൽ കോട്ടയം ഭദ്രാസനാ മൊത്രാപോലീത്ത യുഹാനോൻ മാർ ദിയസ് കോറസ് നേതൃത്വം നൽകി. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിലിൻ്റെ കാർമികത്വത്തിലായിരുന്നു സെന്റ് ഫ്രാൻസീസ് അസീസി കത്തീഡ്രലിൽ പ്രാർത്ഥനാ ചടങ്ങുകൾ.