കേരളത്തിൽ പ്രളയസാധ്യതാ മുന്നറിയിപ്പുമായി കേന്ദ്രം: ഡാമുകളിൽ റെഡ് അലർട്ട്
തൃശ്ശൂർ ജില്ലയിലെ ഷോളയാർ , പെരിങ്ങൽകുത്ത് ഡാമുകളിൽ റെഡ് അലർട്ടുണ്ട്. ഇടുക്കിയിൽ നാല് ഡാമുകളിൽ റെഡ് അലർട്ടും രണ്ട് ഡാമുകളിൽ ബ്ലൂ അലർട്ടുമുണ്ട്.
കേന്ദ്ര ജലകമ്മീഷന്റ പ്രളയസാധ്യത മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാനത്തെ നിരവധി അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ ജില്ലയിലെ ഷോളയാർ , പെരിങ്ങൽകുത്ത് ഡാമുകളിൽ റെഡ് അലർട്ടുണ്ട്. ഇടുക്കിയിൽ നാല് ഡാമുകളിൽ റെഡ് അലർട്ടും രണ്ട് ഡാമുകളിൽ ബ്ലൂ അലർട്ടുമുണ്ട്. കുണ്ടള, കല്ലാർകുട്ടി, മാട്ടുപ്പെട്ടി, കല്ലാർ ഡാമുകളിലാണ് റെഡ് അലർട്ട്.
ഇടുക്കി ഡാമിലും പൊന്മുടി ഡാമിലുമാണ് ബ്ലൂ അലർട്ട്. പത്തനംതിട്ട ജില്ലയിലെ കക്കി ഡാമിൽ റെഡ് അലർട്ടും, പമ്പ ഡാമിൽ നീല അലർട്ടും നിലനിൽക്കുകയാണ്.
പാലക്കാട് ജില്ലയിലെ ചുള്ളിയാർ, തൃശ്ശൂർ പീച്ചി എന്നിവിടങ്ങളിൽ ചുവപ്പ് അലര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ വാഴാനി, ചിമ്മിനി, പാലക്കാട് ജില്ലയിലെ മീങ്കര, മംഗലം, മലമ്പുഴ ഡാമുകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ പോത്തുണ്ടി, തിരുവനന്തപുരം ജില്ലയിലെ നെയ്യാർ എന്നിവിടങ്ങളിൽ ആദ്യഘട്ടമുന്നറിയിപ്പായ നീലയും പുറപ്പെടുവിച്ചിട്ടുണ്ട്.