വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജിഎസ്ടി എസ്.പി അറസ്റ്റിൽ

ജിഎസ്ടി ഒഴിവാക്കിക്കൊടുക്കാൻ മൂന്ന് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

Update: 2023-06-12 14:36 GMT
Advertising

കൽപറ്റ: വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജിഎസ്ടി എസ്.പി വിജിലൻസ് പിടിയിൽ. സെൻട്രൽ ടാക്സ് ആന്റ് സെൻട്രൽ എക്സൈസ് എസ്.പി പ്രവീന്ദർ സിങ്ങാണ് പിടിയിലായത്. കരാറുകാരനിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.

ഇന്ന് വൈകീട്ട് നാലോടെയാണ് കരാറുകാരന്റെ പരാതിയിൽ വിജിലൻസ് ഡിവൈഎസ്പി സ്ഥലത്തെത്തിയത്. പിഡബ്ല്യുഡി കരാറുകാരനായ ജെയ്‌സൻ ജോയ് എന്ന വ്യക്തിയാണ് പരാതി നൽകിയത്. ഇദ്ദേഹത്തോട് ജിഎസ്ടി ഒഴിവാക്കിക്കൊടുക്കാൻ മൂന്ന് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

ഇത് രണ്ട് തവണയായി കൊടുക്കാമെന്ന് കരാറുകാരൻ പറഞ്ഞു. എന്നാൽ ഒന്നര ലക്ഷം കൈയിൽ ഇല്ലാത്തതിനാൽ ഒരു ലക്ഷം അടയ്ക്കാമെന്ന് പറയുകയായിരുന്നു. തുടർന്ന് വിജിലൻസിനെ അറിയിക്കുകയും ഇവർ നൽകിയ ഒരു ലക്ഷം രൂപ ഉദ്യോഗസ്ഥന് നൽകുകയും ചെയ്തു. ഇതോടെ സമീപത്തുണ്ടായിരുന്ന വിജിലൻസ് സംഘം ഉദ്യോഗസ്ഥനെ പിടികൂടുകയായിരുന്നു. തങ്ങൾ നൽകിയ നോട്ടുകൾ വിജിലൻസ് സംഘം ഉദ്യോ​ഗസ്ഥനിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.

ആദ്യം പത്തുലക്ഷം രൂപയാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതെന്ന് പരാതിക്കാരൻ പറയുന്നു. തുടർന്ന് വാദപ്രതിവാദത്തിനിടെ അഞ്ച് ലക്ഷമായും അത് മൂന്ന് ലക്ഷമായും കുറയ്ക്കുകയായിരുന്നു. മൂന്ന് ലക്ഷത്തിൽ ഒരു മാറ്റവും വരില്ലെന്നും ഉദ്യോഗസ്ഥൻ കരാറുകാരനോട് പറഞ്ഞിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News