ചാൻസലർ പദവി: ഓർഡിനൻസ് സർക്കാർ ഉടൻ ഗവർണർക്ക് അയച്ചേക്കും
രണ്ടു ദിവസം മുൻപ് ചേർന്ന മന്ത്രിസഭാ യോഗമാണ് ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കിയുള്ള ഓർഡിനൻസ് പാസാക്കിയത്
തിരുവനന്തപുരം: ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ ഒഴിവാക്കിയുള്ള ഓർഡിനൻസ് സർക്കാർ ഉടൻ ആരിഫ് മുഹമ്മദ് ഖാന് അയച്ചേക്കും. രണ്ടു ദിവസം മുൻപ് ചേർന്ന മന്ത്രിസഭാ യോഗമാണ് ഓർഡിനൻസ് പാസാക്കിയതെങ്കിലും ഇന്നലെ രാത്രിവരെ ചാൻസലറായ ഗവർണർക്ക് അയച്ചിട്ടില്ല. ഓർഡിനൻസ് രാഷ്ട്രപതിക്ക് അയച്ചാൽ നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് ബിൽ പാസാക്കാൻ കഴിയുമോ എന്ന ചോദ്യം ഉയരുന്നുണ്ടെങ്കിലും സർക്കാർ പിന്നോട്ട് പോകാൻ സാധ്യതയില്ല.
കേരളത്തിലെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള ഓർഡിനൻസിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. എന്നാൽ, ഇതുവരെ സർക്കാർ രാജ്ഭവനിലേക്ക് ഓർഡിനൻസ് അയച്ചിട്ടില്ല. കൂടുതൽ കൂടിയാലോചനകൾക്കുശേഷം മാത്രമേ സർക്കാർ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ. ഓർഡിനൻസ് ലഭിച്ചാൽ രാഷ്ട്രപതിക്ക് അയക്കുമെന്നും മുഖ്യമന്ത്രിയോട് വിശദീകരണം തേടുമെന്നുമൊക്കെയുള്ള വ്യത്യസ്ത നിലപാടുകൾ ഗവർണർ സ്വീകരിക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധയിലുള്ളതുകൊണ്ട് സൂഷ്മമായി കാര്യങ്ങളെ നിരീക്ഷിച്ച് തീരുമാനമെടുത്താൽ മതിയെന്നാണ് സർക്കാർ നിലപാട്.
മന്ത്രിസഭ പാസാക്കിയ ഓർഡിനൻസ് ഗവർണർക്ക് അയച്ചാലും സർക്കാർ ചില കാര്യങ്ങളെ ആശങ്കയോടെ കാണുന്നുണ്ട്. ചാൻസലർ സ്ഥാനം ഒഴിഞ്ഞുതരാനുള്ള നിയമം കൊണ്ടുവന്നാൽ അതിൽ ഒപ്പിട്ടുതരാമെന്ന് പറഞ്ഞ ഗവർണർ ഇപ്പോൾ നിലപാടിൽനിന്ന് പിന്നോട്ടുപോയിരിക്കുകയാണ്. ചാൻസലർ പദവി ഉപയോഗിച്ച് സർക്കാരിനെ പരമാവധി പ്രതിസന്ധിയിലാക്കാൻ ശ്രമിക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ ഓർഡിനൻസിൽ ഒപ്പിടാനുള്ള ഒരു സാധ്യതയും സർക്കാർ കാണുന്നിമില്ല.
മന്ത്രിസഭ പാസാക്കിയ ഓർഡിനൻസ് മുൻപിലെത്തിയാൽ അത് രാഷ്ട്രപതിക്ക് അയച്ച് കാലാവാധി നീട്ടാനുള്ള നീക്കങ്ങൾ ഗവർണർ നടത്തിയേക്കും. എന്നാൽ ഓർഡിനൻസ് ഒപ്പിട്ടില്ലെങ്കിൽ നിയമസഭ വിളിച്ച് ബില്ലായി കൊണ്ടുവരാൻ തന്നെയാണ് സർക്കാർ ആലോചന. ഇല്ലെങ്കിൽ നിയമനടപടിയിലേക്ക് കടക്കും.
Summary: Kerala Govt may soon send Ordinance removing Governor from Chancellorship to Arif Mohammad Khan