'ചാനലിന്റേത് വ്യാജ വാർത്ത'; പീഡന ആരോപണത്തിൽ നിയമ നടപടിക്കൊരുങ്ങി ഡിവൈഎസ്പി വി.വി ബെന്നി
തനിക്കെതിരെ നൽകിയ വാർത്ത മൂന്ന് ദിവസത്തിനകം നീക്കം ചെയ്യണമെന്നും ഇല്ലെങ്കിൽ കടുത്ത നടപടിയുമായി മുന്നോട്ടു പോകുമെന്നും ബെന്നി
കോഴിക്കോട്: പൊന്നാനിയിൽ വീട്ടമ്മ പൊലീസുകാർക്കെതിരായി ലൈംഗിക ആരോപണം ഉന്നയിച്ച സംഭവത്തിൽ സ്വകാര്യ ചാനലിനെതിരെ നടപടിക്കൊരുങ്ങി താനൂർ ഡിവൈഎസ്പി വി.വി ബെന്നി. സ്വകാര്യ ചാനലിൽ വന്ന വാർത്ത വ്യാജമാണെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ബെന്നി പരാതി നൽകി. തനിക്കെതിരെ നൽകിയ വാർത്ത മൂന്ന് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചാനലിന് കത്ത് നൽകി. നീക്കം ചെയ്യാത്ത പക്ഷം കടുത്ത നടപടിയുമായി മുന്നോട്ടു പോകുമെന്നും വി.വി ബെന്നി പറഞ്ഞു.
മുട്ടിൽമരം മുറി കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് തടയാനാണ് വീട്ടമ്മയെ ഉപയോഗിച്ച് ചാനൽ വ്യാജ ആരോപണം ഉന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ബെന്നി നേരത്തെ പരാതി നൽകിയിരുന്നു. ഗൂഢാലോചന അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. എസ്പി സുജിത് ദാസും, സിഐയും പീഡിപ്പിച്ചെന്നും ഡിവൈഎസ്പി വി.വി.ബെന്നി മോശമായി പെരുമാറിയെന്നുമായിരുന്നു യുവതി ചാനലിലൂടെ നടത്തിയ ആരോപണം.
വിവാദമായ മുട്ടിൽ മരംമുറിക്കേസിൽ പ്രതികളായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ ,ആന്റോ അഗസ്റ്റിൻ എന്നിവരെ അറസ്റ്റ് ചെയ്തത് അന്വേഷണ ഉദ്യോഗസ്ഥനായ വി.വി ബെന്നിയുടെ നേതൃത്വത്തിലായിരുന്നു. മുട്ടിൽ മരംമുറി കേസിൽ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് താനൂർ ഡിവൈഎസ്പി വി.വി ബെന്നി ഡിജിപിക്ക് നേരത്തെ കത്തയച്ചിരുന്നു. മുട്ടിൽമരം മുറി കേസ് പ്രതികൾ സ്വന്തം ചാനൽ ഉപയോഗിച്ച് തന്നെയും പൊലീസിനെയും അപകീർത്തിപ്പെടുത്തുന്നതായി ഡിജിപിയ്ക്ക് അയച്ച കത്തിൽ ബെന്നി വ്യക്തമാക്കിയിരുന്നു.