'ഞാൻ വ്യക്തത വരുത്തേണ്ട ആളല്ല'; കെ റെയിൽ ബഫർ സോണിൽ മുഖ്യമന്ത്രി

"ബഫർ സോൺ എത്രയാണെന്ന് കെ റെയിൽ എംഡി തന്നെ പറഞ്ഞിട്ടുണ്ടല്ലോ"

Update: 2022-03-24 11:44 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: കെ റെയിൽ ബഫർ സോണിൽ വ്യക്തത വരുത്തേണ്ടത് ഉദ്യോഗസ്ഥരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തതക്കുറവ് സാങ്കേതികമാണ് എന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

'ബഫർ സോൺ എത്രയാണെന്ന് കെ റെയിൽ എംഡി തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അതിൽക്കൂടുതൽ പറയാനില്ല. വ്യക്തതക്കുറവ് സാങ്കേതികമാണ്. അങ്ങനെയുണ്ടെങ്കിൽ അതിൽ പിന്നീട് വ്യക്തത വരുത്താം. ഞാൻ അതിൽ വ്യക്തത വരുത്തേണ്ടയാളല്ലല്ലോ.'- പിണറായി പറഞ്ഞു.

ബഫർ സോണിൽ നഷ്ടപരിഹാരം നൽകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 'ഏറ്റെടുക്കുന്ന ഭൂമിക്കു മാത്രമല്ലേ നഷ്ടപരിഹാരം നൽകുക. ഭൂമി കൈവിട്ടു കൊടുക്കുമ്പോൾ മാത്രമാണ് വില കൊടുക്കുന്നത്. റോഡിനോട് ചേർന്നുള്ള കെട്ടിടം പണിയാൻ പാടില്ലാത്ത സ്ഥലത്തിന്റെ വില ആരെങ്കിലും കൊടുക്കുമോ? ആ സമ്പ്രദായം മാത്രമേ ഇതിലുള്ളൂ.' - മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സാമൂഹ്യാഘാത പഠനം കല്ലിടാതെയും നടത്താമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തോട്, 'ഒരുപാട് നിർദേശങ്ങൾ വരുമല്ലോ, അതൊക്കെ പിന്നീട് നോക്കേണ്ട കാര്യമാണ്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

'ഏതു പദ്ധതി വരുമ്പോഴും അതിനെ എതിർക്കുന്നതാണ് കേരളത്തിലെ രീതി. ഗെയിൽ പൈപ്പ്‌ലൈനിലും ദേശീയപാതാ വികസനത്തിലും അതുണ്ടായിട്ടുണ്ട്. ഗെയിൽ ബോംബാണെന്നാണ് പറഞ്ഞിരുന്നത്. ഗെയിൽ പദ്ധതി അവസാനിപ്പിച്ച് പോയതാണ്. പ്രതിഷേധം എല്ലാ കാലത്തും ഉണ്ടായിട്ടുള്ളത്. അത് നാടിന് വലിയ ബാധ്യതയാണ് ഉണ്ടാക്കിയത്. ഉയർന്നുവരുന്നത് നാടിന്റെ പ്രതിഷേധമാണ് എന്നു കണക്കാക്കേണ്ട.' - മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 


Full View


'കേന്ദ്രത്തിന് അനുഭാവപൂർണമായ നിലപാട്'

കെ റെയിൽ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആരോഗ്യകരമായ ചർച്ച നടന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. പറഞ്ഞ കാര്യങ്ങൾ അതീവ താത്പര്യത്തോടെ പ്രധാനമന്ത്രി കേട്ടു. എന്താണ് ചെയ്യാൻ കഴിയുകയെന്ന് ആലോചിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകി. കേന്ദ്രാനുമതി വേഗത്തിൽ ലഭ്യമാകാൻ കൂടിക്കാഴ്ച സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. അനുഭാവപൂർവമായ സമീപനമാണ് പ്രധാനമന്ത്രിയിൽ നിന്നുണ്ടായത്. അക്കാര്യത്തിൽ പ്രധാനമന്ത്രിയെ നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ കെ റെയിൽ പദ്ധതിയെ എതിർക്കുന്ന ചിലരുണ്ടല്ലോ. അവരും യാത്ര വേഗത്തിൽ വേണമെന്ന് അഭിപ്രായം ഉള്ളവർ തന്നെയാണ്. വേഗതയും സുരക്ഷയും അതിപ്രധാനമാണ്. കേരളത്തിൽ ഗതാഗതത്തിന് അധികസമയം വേണ്ടിവരുന്നു. പരിസ്ഥിതി സൗഹൃദ യാത്രാ സംവിധാനം വേണം. പദ്ധതികൾ യഥാസമയം നടപ്പാക്കിയില്ലെങ്കിൽ ചെലവ് വർധിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഗതാഗതം സുഗമമാക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ മുഖ്യന്ത്രി വിശദീകരിച്ചു. തിരുവനന്തപുരം-കാസർകോട് സിൽവർലൈൻ ഏറ്റവും സുരക്ഷിതമായ യാത്രാസംവിധാനമാണ്. യാത്രാസമയം നാലു മണിക്കൂറായി കുറയ്ക്കും. കേരളത്തെ കാർബൺ മുക്ത സംവിധാനത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യം. അതിനുതകുന്നത് റോഡ് വഴിയുള്ള ഗതാഗത സംവിധാനമല്ല. സിൽവർലൈൻ വരുന്നതോടെ റോഡുകളിലെ വാഹനങ്ങൾ കുറയും. 63,941 കോടി രൂപയാണ് സിൽവർ ലൈൻ പദ്ധതിയുടെ ചെലവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സാമൂഹികാഘാത പഠനത്തിന് വേണ്ടിയുള്ള സർവെ ആണ് ഇപ്പോൾ നടക്കുന്നത്. ഇപ്പോഴത്തെ സർവേ കൊണ്ട് ആർക്കും ഒരു നഷ്ടവും സംഭവിക്കില്ല. സാമൂഹിക ആഘാത പഠനത്തിനു ശേഷം ഭൂമി നഷ്ടപ്പെടുന്നവരെ കണ്ടെത്തി നഷ്ടപരിഹാരം നൽകും. അതിന് ശേഷമേ ഭൂമി ഏറ്റെടുക്കലിലേക്ക് കടക്കൂ. മികച്ച നഷ്ടപരിഹാരവും പുനരധിവാസവും സർക്കാർ ഉറപ്പാക്കും. കേരളത്തിൻറെ വികസനത്തിന് ഏറെ സഹായകരമായ പദ്ധതിയെ പ്രതിപക്ഷം എതിർക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അവ്യക്തതയും ആശയക്കുഴപ്പവും ഉണ്ടാക്കാൻ ശ്രമിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. എല്ലാം ജനങ്ങൾ കൃത്യമായി മനസ്സിലാക്കുന്നുണ്ട്. ഒരു വികസനവും നാട്ടിൽ നടക്കാൻ പാടില്ല എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഗെയിൽ, ദേശീയപാത പദ്ധതികളെ എതിർത്തവരെ ജനങ്ങൾ തന്നെ ഒറ്റപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസന പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷം മറയില്ലാതെ രംഗത്തിറങ്ങുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആസൂത്രിതമായ വ്യാജ പ്രചാരണം നടത്തുന്നു. ഏതാനും മാധ്യമങ്ങളും വ്യാജ പ്രചാരണം നടത്തുന്നു. എല്ലാ കാലത്തും ഇത്തരം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ജനങ്ങൾ എപ്പോഴും സത്യം തിരിച്ചറിഞ്ഞിട്ടുണ്ട്. തെറ്റായ വാർത്തകൾ നൽകുന്നതിൽ നിന്ന് മാധ്യമങ്ങൾ പിൻമാറണം. സ്വാർഥ ചിന്താഗതി കാരണം നാടിൻറെ പുരോഗതിക്ക് തടയിടരുത്. വികസനം നടപ്പിലാക്കുമ്പോൾ ജനങ്ങൾക്ക് ചില പ്രശ്‌നങ്ങളുണ്ടാകും. അവർക്ക് അർഹതപ്പെട്ട നഷ്ടപരിഹാരവും കൃത്യമായ പുനരധിവാസവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News