പാലക്കാട് ചെറാട് മല കയറ്റത്തിന് നിയന്ത്രണമേർപ്പെടുത്തി;കടന്നുകയറ്റം തടയാൻ പരിശോധന കർശനമാക്കും
അനിധികൃത കടന്നുകയറ്റം തടയാൻ പരിശോധന കർശനമാക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രനും വ്യക്തമാക്കി
പാലക്കാട് ചെറാട് മല കയറ്റത്തിന് നിയന്ത്രണമേർപ്പെടുത്തി.ജില്ലാകലക്ടറെ കൺവീനറാക്കി സമിതി രൂപീകരിക്കാനും പാലക്കാട് ചേർന്ന അടിയന്തര മന്ത്രിതലയോഗത്തിൽ തീരുമാനമായി.അനധികൃത ട്രക്കിങ്, സാഹസിക യാത്രകൾ എന്നിവ നിയന്ത്രിക്കാൻ പൊതു പ്രോട്ടോക്കോൾ വേണ്ടി വരുമെന്ന് റവന്യുമന്ത്രി കെ രാജൻ പറഞ്ഞു.അനിധികൃത കടന്നുകയറ്റം തടയാൻ പരിശോധന കർശനമാക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രനും വ്യക്തമാക്കി. മലയിൽ ഉച്ചതിരിഞ്ഞ് വനം വകുപ്പ് വീണ്ടും തിരച്ചിൽ നടത്തുമെന്നും രാത്രിയിൽ സംഘം മലയിൽ തുടരുമെന്നും പാലക്കാട് ഡിഎഫ്ഒ അറിയിച്ചു.
പാലക്കാട് ചെറാട് മലയിൽ വീണ്ടും ആളുകൾ കയറിയ സാഹചര്യത്തിൽ കർശന നടപടിയെടുക്കാൻ തീരുമാനിച്ചതായി റവന്യുമന്ത്രി കെ. രാജൻ അറിയിച്ചിരുന്നു. ബാബുവിന് ലഭിച്ച ഇളവ് ആർക്കും ലഭിക്കില്ലെന്നും അങ്ങനെ ആരും പ്രതീക്ഷിക്കേണ്ടെന്നും മന്ത്രി പറഞ്ഞു. ഞായറാഴ്ച രാത്രി ചെറാട് മലയിൽ വീണ്ടും ആളുകൾ കയറി സാഹചര്യത്തിൽ വനം വകുപ്പ് മന്ത്രി, ഡി.എഫ്.ഒ, പൊലീസ് സൂപ്രണ്ട്, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരുമായി അടിയന്തര യോഗം ചേർന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രമായ പരിശോധന നടത്താൻ തീരുമാനിച്ചത്. അനാവശ്യമായ യാത്രകൾ തടയും. ഇതിനായി ജില്ല കലക്ടറെ കൺവീനറാക്കി സമിതി രൂപീകരിക്കും. എല്ലാ വിഭാഗത്തിലുള്ളവരെയും ഉൾപ്പെടുത്തി സമഗ്ര പരിശോധന നടത്തും.
അനധികൃത ട്രക്കിംങ്ങും സാഹസിക യാത്രകളും ക്യാമ്പു ചെയ്യുന്നതും നോക്കിനിൽക്കാൻ സാധിക്കില്ല. ഏത് വഴിക്കാണ്, എങ്ങോട്ടേക്കാണ് പോകുന്നത്, എന്തു ലക്ഷ്യത്തിനാണ് പോകുന്നത് എന്നത് കൃത്യമായി പരിശോധിക്കും. എന്നിവ നോക്കി നിൽക്കാനാവില്ല. വ്യക്തികളുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തില്ലെന്നും മന്ത്രി പറഞ്ഞു. മകനെതിരെ കേസെടുക്കണമെന്ന ബാബുവിന്റെ ഉമ്മയുടെ നിലപാട് മാതൃകാപരമാണ്. അതിൽ തീരുമാനമെടുക്കേണ്ടത് വനം വകുപ്പാണ്. ബാബു മലയിൽ കുടുങ്ങിയത് മുതൽ സർക്കാർ എല്ലാവിധത്തിലുള്ള സഹായം ചെയ്തിരുന്നു. അതിന് വേണ്ടിവെന്ന ചെലവുകൾ പൂർണമായും വഹിച്ചത് സർക്കാറാണ്. പത്ത് ദിവസത്തിന് ശേഷം പാലക്കാട് വീണ്ടും യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.