'യു.എ.ഇ യാത്രയിൽ ബാഗേജ് മറന്നു'; ശിവശങ്കറിൻ്റെ മൊഴിയെ കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
എം.കെ മുനീർ എം.എൽ.എയുടെ ചോദ്യത്തിന് നിയമസഭയിൽ രേഖാമൂലമാണ് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: യു.എ.ഇ യാത്രയിൽ ബാഗേജ് എടുക്കാൻ മറന്നുവെന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്‍റെ മൊഴി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എം.കെ മുനീർ എം.എൽ.എയുടെ ചോദ്യത്തിന് നിയമസഭയിൽ രേഖാമൂലമാണ് മുഖ്യമന്ത്രിയുടെ മറുപടി. യു.എ.ഇ കോൺസലേറ്റ് വഴി മുഖ്യമന്ത്രിക്ക് പാക്കറ്റ് എത്തിച്ചതായി ശിവശങ്കർ കസ്റ്റംസിന് നൽകിയ മൊഴി പുറത്ത് വന്നിരുന്നു.
മുഖ്യമന്ത്രി യു.എ.ഇ യാത്രയിൽ ബാഗേജ് മറന്നുവെന്ന് ശിവശങ്കർ വിവിധ അന്വേഷണ ഏജൻസികൾക്ക് നൽകിയ മൊഴി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ, അതിൽ വാസ്തവം ഉണ്ടോ എന്നതായിരുന്നു ഡോ.എം കെ മുനീർ എം.എൽ.എയുടെ ചോദ്യം. ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് മറുപടി നൽകിയ മുഖ്യമന്ത്രി ഇല്ലെങ്കിൽ സർക്കാരിനെ അപകീർത്തി പെടുത്താൻ ശ്രമിച്ച ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുമോയെന്ന രണ്ടാമത്തെ ചോദ്യത്തിന് ബാധകമല്ലെന്നും ഉത്തരം നൽകി. എന്നാൽ കസ്റ്റംസ് നിയമത്തിലെ 108 ആം വകുപ്പ് പ്രകാരം ശിവശങ്കർ ഇക്കാര്യത്തിൽ നൽകിയ മൊഴിയുടെ പകർപ്പ് അടക്കം നേരത്തെ പുറത്ത് വന്നതാണ്. അത് പ്രകാരം മുഖ്യമന്ത്രിയുടെ ആദ്യ യാത്രയിൽ യു.എ.ഇ പ്രതിനിധികൾക്കുള്ള സമ്മാനങ്ങൾ അടങ്ങിയ പാക്കറ്റ് യു.എ.ഇ കോൺസലേറ്റ് വഴി എത്തിച്ചതായി പറയുന്നു. കോൺസുലേറ്റ് ജനറൽ സഹായ വാഗ്ദാനം നൽകിയിരുന്നതുകൊണ്ടാണ് ഇതു വഴി എത്തിച്ചതെന്നും ശിവശങ്കറിൻ്റെ മൊഴിയിൽ ഉണ്ട്.
യു.എ.ഇ യാത്രയിൽ ബാഗേജ് മറന്ന് വെച്ചിട്ടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി നിയമസഭയിലടക്കം സ്വീകരിച്ചത്. അതിനാലാവും ശിവശങ്കറിൻ്റെ വിവാദമായ മൊഴി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മറുപടി നൽകാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന.