കുട്ടിയെ തട്ടിക്കൊണ്ടുപോകൽ: പ്രതികളുടെ ഫാംഹൗസ് എന്ത് ചെയ്യണമെന്നറിയാതെ ജീവനക്കാരി
കന്നുകാലികൾക്കും നായ്ക്കൾക്കും തീറ്റയെത്തിക്കുന്നത് ജീവനക്കാരി ഷീബയാണ്
കൊല്ലം: ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ കേസിൽ പിടിയിലായ പ്രതികളുടെ ഫാംഹൗസ് എന്ത് ചെയ്യണം എന്നറിയാതെ ജീവനക്കാരി. കന്നുകാലികൾക്കും നായ്ക്കൾക്കും തീറ്റെയെത്തിക്കുന്നത് ജീവനക്കാരി ഷീബയാണ്. പൊലീസ് സംരക്ഷണത്തിലാണ് ഫാം ഹൗസ്.
പത്മകുമാറിന്റെ ചിറക്കലെ ഫാം ഹൗസിലുള്ളത് ആറു കന്നുകാലികളും പതിനഞ്ച് നായ്ക്കളുമാണ്. വർഷങ്ങൾ ആയി ഇവിടെ ജോലി ചെയുന്ന ഷീബയാണ് പ്രതികൾ പിടിയിൽ ആയതിനു ശേഷവും ഭക്ഷണം എത്തിക്കുന്നത്. ദിവസവും വളർത്തുമൃഗങ്ങൾക്ക് തീറ്റയെത്തിക്കാൻ ആളുണ്ടെങ്കിലും സാമ്പത്തികമാണ് പ്രശ്നം.
ഷീബയ്ക്ക് പരിപാലന ചെലവിനുള്ള പണം ലഭ്യമാക്കാൻ ഇടപെടൽ ഉണ്ടാകണം. നിലവിൽ സ്‌ഥലം പൊലീസ് സംരക്ഷണത്തിലായതിനാൽ ചുമതലപ്പെട്ടവർ അറിയിച്ചാൽ സഹായം ഉണ്ടാകുമെന്ന് പഞ്ചായത്ത് മെമ്പർ പറയുന്നു. ഇവയെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിൻ്റെയും ഇടപെടൽ വേണ്ടിവരും.