അമ്മയെയും കുട്ടികളെയും മാനസിക രോഗികളായി കണ്ട ബാലാവകാശ കമ്മീഷന്‍ അധികാര പരിധി ലംഘിച്ചു: ഹൈക്കോടതി

'അമ്മയില്‍ നിന്നു കുട്ടികളെ മാറ്റി നിര്‍ത്തുന്നത് കുട്ടികളുടെ ശാരീരികവും വിദ്യാഭ്യാസപരവുമായ ക്ഷേമത്തിനു കോട്ടം തട്ടും'

Update: 2021-12-09 12:19 GMT
Editor : ijas
Advertising

അമ്മയെയും കുട്ടികളെയും മാനസിക രോഗികളായി കണ്ട ബാലാവകാശ കമ്മീഷന്‍ അധികാര പരിധി ലംഘിച്ചുവെന്നു ഹൈക്കോടതി. ജീവിത രീതിയും ആചാരങ്ങളും വീട്ടിലെ സാഹചര്യങ്ങളും നോക്കി മാത്രം അമ്മയെയും മക്കളെയും മാനസിക രോഗ ചികില്‍സയ്ക്ക് വിധേയമാക്കുന്നതിന് നിര്‍ദ്ദേശിച്ച ബാലാവകാശ കമീഷന്‍റെ ഉത്തരവിനെയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

അമ്മയില്‍ നിന്നു കുട്ടികളെ മാറ്റി നിര്‍ത്തുന്നത് കുട്ടികളുടെ ശാരീരികവും വിദ്യാഭ്യാസപരവുമായ ക്ഷേമത്തിനു കോട്ടം തട്ടുമെന്നും അതുകൊണ്ടു കുട്ടികളെ മാറ്റി നിര്‍ത്തണമെന്നു കണ്ടെത്തിയ ബാലാവകാശ കമ്മീഷന്‍റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കുട്ടികളുടെ മാതാവ് അഞ്ച് രുദ്രാക്ഷങ്ങളും വിവിധ മതങ്ങളുടെ ഫോട്ടോകളും ശരീരത്തിലിട്ടുണ്ടെന്നും ഡി.സി.പി.ഒ കോടതിയില്‍ ബോധിപ്പിച്ചു. കുട്ടികളും അമ്മയും അയല്‍വാസികളുമായി യാതൊരു ബന്ധവുമില്ലാതെയാണ് ജീവിക്കുന്നത്. ഈ സാഹചര്യത്തില്‍ കാണുന്നയാള്‍ക്ക് മനോരോഗ ചികില്‍സ ആവശ്യമുള്ളതാണെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നു മനോരോഗ ചികില്‍സയ്ക്കു വിടുന്നതിനു ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫിസര്‍ ഉത്തരവിടുകയായിരുന്നു. ഇങ്ങനെ ഉത്തരവിടാന്‍ ശിശു അവകാശ കമ്മീഷന് അധികാരമില്ലെന്നു കോടതി വിലയിരുത്തി.

കോടതി നിശ്ചയിച്ച കളമശേരി മെഡിക്കല്‍ കോളജിലെ ഡോ. പ്രിയ ഗോപാലകൃഷ്ണന്‍ അമ്മയും മക്കളും ഭര്‍ത്താവുമായി സംവദിച്ച ശേഷം ഇവര്‍ക്ക് മാനസിക രോഗമില്ലെന്നു കോടതിയില്‍ അറിയിച്ചു. ജീവിതത്തിലുടനീളം അവര്‍ അനുഭവിച്ച മാനസിക പീഡനങ്ങളാണ് അവര്‍ക്ക് മാനസിക സമ്മര്‍ദ്ദത്തിനു കാരണം. മാനസിക രോഗിയാണെന്നു ചിത്രീകരിച്ചു മാനസിക രോഗ കേന്ദ്രത്തിലേക്ക് ബലമായ കൊണ്ടുപോയത് അവരെ മാനസികമായി ബാധിച്ചിട്ടുണ്ട്. മക്കളില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള ഭര്‍ത്താവിന്‍റെ ശ്രമമാണ് അമ്മയ്ക്ക് മാനസിക സമ്മര്‍ദ്ദത്തിന് കാരണമായത്. ഇവരുമായി ഒരിക്കല്‍ കൂടി പരിശോധനയ്ക്ക് വിധേയമാക്കണമെന്നു ഡോക്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഡിസംബര്‍ 10 മുതല്‍ 17 വരെ അമ്മയെയും കുട്ടികളെയും ഡോ.പ്രിയയുടെ അടുത്ത് പരിശോധനയ്ക്കു വിധേയമാക്കണമെന്നു കോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ചു ഒരു റിപോര്‍ട്ട് സര്‍ക്കാര്‍ അഭിഭാഷകന്‍ മുഖേന ഫയല്‍ ചെയ്യണമെന്നു കോടതി നിര്‍ദ്ദേശിച്ചു.

ഭര്‍ത്താവ് പല തവണ തന്‍റെ ഭാര്യയെ മാനസിക രോഗിയാക്കുന്നതിനു വിവിധ മാനസിക രോഗ പരിശോധന കേന്ദ്രങ്ങളില്‍ കൊണ്ടുപോയിട്ടുണ്ടെന്നു കോടതി കണ്ടെത്തി. കൊടുങ്ങല്ലൂര്‍ സ്വദേശിയായ ബാലകൃഷ്ണന്‍ തന്‍റെ മകളെയും രണ്ടു പേരക്കുട്ടികളെയും കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയാണ് കോടതി പരിഗണിച്ചത്. ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മീഷന്‍ അധികാര പരിധി ലംഘിച്ചുവെന്നു കോടതി വിലയിരുത്തി. ഹരജിയില്‍ കോടതിയില്‍ ഹാജരാക്കണമെന്നു ആവശ്യപ്പെട്ടിട്ടുള്ള കുട്ടികളുടെ മാനസിക നില സംബന്ധിച്ചു റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നു ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

കേസുമായി ബന്ധപ്പെട്ടു എല്ലാ രേഖകളും രണ്ടു ദിവസത്തിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണമെന്നു കോടതി നിര്‍ദ്ദേശം നല്‍കി. കേസില്‍ അമ്മയെയും കുട്ടികളെയും ചികില്‍സിച്ച ആശുപത്രി അധികൃതരെ എതിര്‍കക്ഷിയാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. അമ്മയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച മൂവാറ്റുപുഴ എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ അധികൃതരെ കേസില്‍ എതിര്‍കക്ഷിയാക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. കൂടാതെ കൊടുങ്ങല്ലൂര്‍ പൊലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസറെ കോടതി കേസില്‍ കക്ഷിച്ചേര്‍ത്തു. ഹരജിക്കാരനൊപ്പം മകളെയും പേരക്കുട്ടികളെയും വിട്ടയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. ഇവരുടെ മൊഴിയെടുക്കാന്‍ കോടതി കൊടുങ്ങല്ലൂര്‍ എസ്.എച്ച്.ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News