തിരുപ്പിറവിയുടെ ഓർമ പുതുക്കി ഇന്ന് ക്രിസ്മസ്
മണ്ണിലും മനസിലും വിശ്വാസത്തിന്‍റെ നക്ഷത്ര വെളിച്ചം നിറച്ചാണ് ഓരോ ക്രിസ്മസ് രാത്രിയും കടന്നുപോകുന്നത്
യേശുക്രിസ്തുവിന്‍റെ തിരുപ്പിറവിയുടെ ഓർമ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നൽകിയ ദൈവപുത്രന്റെ തിരുപ്പിറവിയെ വിശ്വാസികൾ വരവേൽക്കുകയാണ്.
മണ്ണിലും മനസിലും വിശ്വാസത്തിന്‍റെ നക്ഷത്ര വെളിച്ചം നിറച്ചാണ് ഓരോ ക്രിസ്മസ് രാത്രിയും കടന്നുപോകുന്നത്. സന്മനസുള്ളവർക്ക് സമാധാനമെന്ന് ലോകത്തോട് അരുൾ ചെയ്ത ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷമാക്കുകയാണ് നാടും നഗരവും. കരോൾ ഗാനങ്ങളും മധുരം പങ്കുവെക്കലും പാതിരാ കുർബാനയുമായി വിശ്വാസികളുടെ കൂടിച്ചേരലുകൾ ഇത്തവണത്തെ ആഘോഷത്തിനും മാറ്റേകുന്നുണ്ട്.
ഡിസംബർ പിറന്നതോടെ വിശ്വാസികൾ ക്രിസ്മസിനെ വരവേൽക്കാനുള്ള ഒരുക്കത്തിൽ ആയിരുന്നു. വീടുകളിൽ നക്ഷത്രങ്ങൾ നേരത്തെ മിഴി തുറന്നു. അലങ്കാര വിളക്കുകളും പുൽക്കൂടുകളും ക്രിസ്മസ് ഗീതങ്ങളും പുണ്യദിനാഘോഷത്തിന് വർണശോഭ നൽകി. സ്നേഹവും സന്തോഷവും പകർന്നു ക്രിസ്മസ് പാപ്പമാർ തെരുവുകളിലും വീടുകളിലും സജീവമായി. ഇന്ന് ആഘോഷത്തിന്റെ പകലാണ്. സാഹോദര്യവും കുടുംബബന്ധങ്ങളും പുതുക്കുന്ന പുണ്യദിനമാണ്.