ക്രിസ്മസ് കരിദിനമായി ആചരിക്കും; പൊലീസുമായി ചർച്ചയ്ക്കില്ലെന്നും വൈദിക സമിതി

പ്രശ്നക്കാർക്ക് പൊലീസ് ഊർജം നൽകി. കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിലയിലാണ് കാര്യങ്ങൾ.

Update: 2022-12-24 10:02 GMT
Advertising

കൊച്ചി: ക്രിസ്മസ് കരിദിനമായി ആചരിക്കുമെന്ന് വൈദിക സമിതി. എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസലിക്കയിലെ പരിപാവനമായ അൾത്താര മറിച്ചിട്ടെന്നും പരിശുദ്ധമായ സ്ഥലം മ്ലേച്ചമായെന്നും വൈദിക സമിതി സെക്രട്ടറി കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു. കുർബാന തർക്കം നടക്കുന്ന എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസലിക്കയിലെ സംഘർഷത്തിനു പിന്നാലെയാണ് വൈദിക സമിതിയുടെ പ്രതികരണം.

ഇനി ബലി അർപ്പിക്കണമെങ്കിൽ പുനപ്രതിഷ്ഠ നടത്തണം. ക്രിസ്തുവിൽ വിശ്വാസമില്ലാത്തവർ ആർക്കോ വേണ്ടി നടത്തിയ സംഘർഷമാണ്. ക്രമസമാധാന പ്രശ്നം ഉണ്ടായിട്ടും പൊലീസ് സഹകരിച്ചില്ലെന്നും പൊലീസുമായി ചർച്ചയ്ക്കില്ലെന്നും വൈദിക സമിതി സെക്രട്ടറി വ്യക്തമാക്കി. പൊലീസിൻ്റേത് പക്ഷപാതപരമായ നടപടിയാണ്.

പ്രശ്നക്കാർക്ക് പൊലീസ് ഊർജം നൽകി. കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിലയിലാണ് കാര്യങ്ങൾ. ആക്രമണത്തിൽ 11 വൈദികർ ആശുപത്രിയിലാണ്. വൈദികർ കൊടുത്ത കേസിൽ നടപടിയെടുക്കാതെ ബസലിക്ക തുറക്കാൻ അനുവദിക്കില്ല.

അറസ്റ്റ് ചെയ്തത് വൈദികരെ സംരക്ഷിച്ച അൽമായക്കാരെയാണെന്നും രണ്ട് അഡ്മിനിസ്ട്രേറ്റർമാരും പ്രശ്നക്കാരാണെന്നും അദ്ദേഹം പറഞ്ഞു.‍ അതേസമയം, ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ ബലി അർപ്പിക്കാൻ അനുവദിക്കില്ലെന്നും കുര്യാക്കോസ് മുണ്ടാടൻ കൂട്ടിച്ചേർത്തു.

വൻ സം​ഘർഷത്തിനാണ് ഇന്ന് ബസലിക്ക സാക്ഷിയായത്. ‌ജനാഭിമുഖ കുർബാന നടക്കുന്ന അൾത്താരയിലേക്ക് ഒരു വിഭാഗം വിശ്വാസികൾ ഇരച്ചു കയറിയിരുന്നു. അൾത്താരയിലെ ഫർണിച്ചറുകൾ അടിച്ച് തകർത്തു. പൊലീസും വിശ്വാസികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധ സൂചകമായിട്ടാണ് ജനാഭിമുഖ കുർബാന നടത്തുന്നത്.

ക്രിസ്മസ് ദിനം വരെ കുർബാന നടത്താനാണ് തീരുമാനം. ഏകീകൃത കുർബാന ആവശ്യപ്പെടുന്ന വിഭാഗവും പള്ളിക്ക് പുറത്ത് തുടരുകയാണ്. ഇന്നലെ വൈകിട്ടാണ് പ്രതിഷേധം ആരംഭിച്ചത്. രാത്രി വൈകിയും പ്രതിഷേധം തുടര്‍ന്നു. ജനാഭിമുഖ കുർബാന തടസപ്പെടുത്താനുള്ള ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവരുടെ ശ്രമം പൊലീസ് ഇടപെടലിലൂടെയാണ് മറികടന്നത്.

ഇന്നലെ വൈകിട്ട് പള്ളിയുടെ അഡ്മിനിസ്ട്രേറ്ററായ ആന്‍റണി പൂതവേലിൽ ഏകീകൃത കുർബാന അർപ്പിച്ചതോടെ തുടങ്ങിയ പ്രതിഷേധത്തിനാണ് മണിക്കൂറുകൾ പിന്നിട്ടിട്ടും അയവില്ലാതെ തുടരുന്നത്. വൈദികർ ജനാഭിമുഖ കുർബാന അർപ്പിക്കുന്നതിനിടയിൽ ആന്‍റണി പൂതവേലിൽ എത്തി അൾത്താരയെ അഭിമുഖീകരിച്ച് ഏകീകൃത കുർബാന ചൊല്ലുകയായിരുന്നു.

ഇതോടെ ശക്തമായ പ്രതിഷേധവുമായി വിമത വിഭാഗം എത്തി. ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവർ കൂടി എത്തിയതോടെ തർക്കം പലപ്പോഴും സംഘർഷാവസ്ഥയിലേക്ക് നീങ്ങി. ജനാഭിമുഖ കുർബാനയെ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളും ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവരുടെ ഭാഗത്തുനിന്നും ഉണ്ടായി. സ്ത്രീകൾ ഉൾപ്പെടെ അൾത്താരയ്ക്ക് മുന്നിൽ പ്രതിഷേധിച്ചിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News