തൃശൂരിൽ ക്രൈംബ്രാഞ്ച് എസ്.ഐയെ സി.ഐ കള്ളക്കേസിൽ കുടുക്കിയെന്ന് പരാതി
പൊതുസ്ഥലത്ത് മദ്യപിച്ചെന്ന കള്ളക്കേസുണ്ടാക്കി എസ്.ഐയെ സി.ഐ കസ്റ്റഡിയിലെടുത്തെന്നാണ് ആരോപണം.
Update: 2023-08-13 07:22 GMT
തൃശൂർ: ക്രൈംബ്രാഞ്ച് എസ്.ഐയെ സി.ഐ കള്ളക്കേസിൽ കുടുക്കിയെന്ന് പരാതി. തൃശൂരിലെ ക്രൈംബ്രാഞ്ച് എസ്.ഐ ടി.ആർ ആമോദിനെയാണ് നെടുപുഴ സി.ഐ ടി.ജി ദിലീപ് കള്ളക്കേസിൽ കുടുക്കിയെന്ന് പരാതി ഉയർന്നിരിക്കുന്നത്. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന കള്ളക്കേസുണ്ടാക്കി എസ്.ഐയെ സി.ഐ കസ്റ്റഡിയിലെടുത്തെന്നാണ് ആരോപണം. സംഭവത്തിൽ എസ്.ഐയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.
സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ചും ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ എസ്.ഐ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു. വഴിയരികിൽ ഫോൺ ചെയ്തു നിൽക്കുമ്പോഴാണ് ആമോദിനെ എസ്.ഐ കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം. കള്ളക്കേസിൽ കുടുക്കി ആമോദിനെ ഒരു ദിവസം കസ്റ്റഡിയിൽവെച്ചെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ തൃശൂർ റേഞ്ച് ഐ.ജി അന്വേഷണത്തിന് നിർദേശം നൽകി.