ജോലി റെയിൽവേയിലായിരുന്നെങ്കിലും സിനിമയായിരുന്നു കൊല്ലപ്പെട്ട ടി.ടി.ഇ വിനോദിന്റെ ഇഷ്ടമേഖല
ടിക്കറ്റ് ചോദിച്ചതിനാണ് വിനോദിനെ രജനീകാന്ത് ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊന്നത്
പാലക്കാട്: ജോലി റെയിൽവേയിലായിരുന്നെങ്കിലും സിനിമയായിരുന്നു കൊല്ലപ്പെട്ട ടി ടി ഇ വിനോദിന്റെ ഇഷ്ട മേഖല. ടിക്കറ്റ് ചോദിച്ചതിന് ടിടിഇയായ വിനോദിനെ ഇതരസംസ്ഥാന തൊഴിലാളി ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊന്നത്.ജോലി തിരക്കുകൾക്കിടയിലും നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ചെറിയ വേഷങ്ങളിലുടെ വളർന്ന് സിനിമയിൽ ശ്രദ്ധേയമായ ഒരു സ്ഥാനത്ത് എത്താനായിരുന്നു കലാകാരൻ കൂടെയായ വിനോദിന്റെ ലക്ഷ്യം
സംവിധായകൻ ആഷിക് അബുവിന്റെ സുഹൃത്തും സഹപാഠിയുമായിരുന്നു കൊല്ലപ്പെട്ട ടി.ടി.ഇ വിനോദ് കണ്ണൻ. ആഷിഖ് അബുവിന്റെ തന്നെ ഗ്യാങ്ങ്സ്റ്റർ എന്ന ചിത്രത്തിലൂടെയാണ് വിനോദ് തന്റെ സ്വപ്നമായ സിനിമയിലേക്ക് കാലെടുത്ത് വെക്കുന്നത്.
ഗ്യാങ്സ്റ്ററിൽ മമ്മൂട്ടിയുടെ സംഘത്തിലെ പ്രധാനിയായിട്ടാണ് വിനോദ് വേഷമിട്ടത്. പിന്നീട് തുടരെ വലിയ സിനിമകളിലെ നല്ല വേഷങ്ങൾ ഇദ്ദേഹത്തെ തേടിയെത്തി.വില്ലാളിവീരൻ, മംഗ്ലീഷ്, ഹൗ ഓൾഡ് ആർ യു, അച്ഛാദിൻ, പെരുച്ചാഴി , എന്നും എപ്പോഴും, വിശ്വാസം അതല്ലേ എല്ലാം, മിസ്റ്റർ ഫ്രോഡ്, ലൗ 24*7, വിക്രമാദിത്യൻ, പുലിമുരുകൻ, ഒപ്പം , ജോസഫ് തുടങ്ങി നിരവധി സിനിമകളിൽ വിനോദ് അഭിനയിച്ചിട്ടുണ്ട്.
തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളുടെ വലിപ്പച്ചെറുപ്പങ്ങളെ അളക്കാതെ നേടിയെടുത്ത സ്വപ്നം മികച്ചതാക്കുന്നതിനാണ് വിനോദ് പ്രാധാന്യം നൽകിയത്. ചെറുപ്പം മുതൽ കലാ പ്രവർത്തനങ്ങളിലായിരുന്നു വിനോദിന്റെ ശ്രദ്ധ എന്ന് അടുത്ത് അറിയുന്നവരും പറയുന്നു . സിനിമ എന്ന തന്റെ എക്കാലത്തെയും വലിയ സ്വപ്നത്തെ പൂർണ്ണമായും നേടിയെടുക്കും മുൻപാണ് വിനോദിന്റെ ദാരുണാന്ത്യം.
പ്രതിയായ ഒഡീഷ സ്വദേശി രജനികാന്തിനെ പൊലീസ് പാലക്കാട്ടുനിന്നും അറസ്റ്റ് ചെയ്തു. വിനോദിന്‍റെ മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജിലാണുള്ളത്. ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് പട്ന സൂപ്പർഫാസ്റ്റിൽ ട്രെയിനിൽ നിന്നാണ് TTE വി വിനോദിനെ ഒഡീഷ സ്വദേശി രജനീകാന്ത് രൺജിത്ത് പുറത്തേക്ക് തള്ളിയിട്ടത്. സ്‍ളീപ്പർ കോച്ചില്‍ ടിക്കറ്റില്ലാതെ അമിതമായി മദ്യപിച്ച നിലയിലാണ് രജനീകാന്ത് യാത്ര ചെയ്തിരുന്നത്. ടിക്കറ്റില്ലാത്തത് ചോദ്യം ചെയ്തതോടെ വിനോദുമായി രജനീകാന്ത് തർക്കത്തിലായി. തൊട്ടടുത്ത ട്രാക്കിലേക്ക് തെറിച്ച് വീണ വിനോദിന്‍റെ ശരീരത്തിലൂടെ എതിര്‍ ദിശയില്‍ നിന്നും വന്നിരുന്ന ട്രെയിന്‍ കയറിയിട്ടുണ്ടാകാമെന്നാണ് നിഗമനം.
കോച്ചിലുണ്ടായിരുന്ന റെയിൽവേ കേറ്ററിങ് സ്റ്റാഫ് രാജേഷ് കുമാർ ഇതേ ട്രെയിനിൽ ഉണ്ടായിരുന്ന മറ്റൊരു ടിടിഇ യെ വിവരം അറിയിക്കുകയായിരുന്നു. ട്രെയിന്‍ പാലക്കാടെത്തിയപ്പോള്‍ ആര്‍.പി.എഫ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിയിലായ രജനീകാന്തനെ പാലക്കാട് നിന്നും തൃശൂർ റെയിൽവേ പൊലീസിന് കൈമാറി. ദൃക്‌സാക്ഷി രാജേഷ് കുമാറിൻ്റെ മൊഴി രേഖപ്പെടുത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡി.കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.