'സജി സഹായിക്കാത്ത ഒരാളും ഈ നാട്ടിലില്ല, അഴിമതി ചോദ്യംചെയ്തതിനാണ് ഭീഷണിയുണ്ടായത്': അന്വേഷണം വേണമെന്ന് ബന്ധുക്കള്‍
സി.ഐ.ടി.യു വിട്ട ചുമട്ടുതൊഴിലാളിയുടെ ആത്മഹത്യയെ കുറിച്ച് അന്വേഷണം വേണമെന്ന് ബന്ധുക്കള്‍
തൃശൂര്‍: തൃശൂരിലെ പീച്ചിയില്‍ സി.ഐ.ടി.യു വിട്ട ചുമട്ടുതൊഴിലാളിയുടെ ആത്മഹത്യയ്ക്ക് കാരണം സി.പി.എം ലോക്കല്‍, ബ്രാഞ്ച് സെക്രട്ടറിമാരാണെന്ന് ബന്ധുക്കള്‍. ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിമാര്‍ ഭീഷണിപ്പെടുത്തിയതായി സജിയുടെ ആത്മഹത്യാക്കുറിപ്പിലുണ്ട്. സജിയുടെ സഹോദരന്‍ പറയുന്നതിങ്ങനെ-
"ലോക്കല്‍ സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിയും കാരണമാണ് മരിക്കുന്നതെന്നാണ് കുറിപ്പിലുള്ളത്. സജിയെ അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. എല്‍.സി, ബ്രാഞ്ച് സെക്രട്ടറിമാര്‍ പാലം പണിയുടെ പേരിലും മറ്റും കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് പൈസ പിരിക്കുമായിരുന്നു. പാര്‍ട്ടി പിരിക്കുമ്പോള്‍ രസീത് കൊടുക്കും. ഇവര്‍ രസീതൊന്നുമില്ലാതെയാണ് പിരിവ്. ഈ പൈസയൊന്നും പാര്‍ട്ടിയിലേക്കല്ല പോകുന്നത്. ബ്രാഞ്ച് സെക്രട്ടറി സി.ഐ.ടി.യു സെക്രട്ടറി കൂടിയാണ്. യൂണിയന്‍കാര്‍ മാന്യമായി ജോലി ചെയ്ത് ജീവിക്കുന്നവരാണ്. അങ്ങനെ അവര്‍ ചോദ്യംചെയ്തു. ബ്രാഞ്ച് സെക്രട്ടറിയെ മാറ്റണമെന്ന് യൂണിയനിലെ ഒരുവിഭാഗം ആവശ്യപ്പെട്ടു. ആറു മാസമായി പ്രശ്നം തുടങ്ങിയിട്ട്. യൂണിയന്‍റെ നേതൃ സ്ഥാനത്തു നിന്ന് മാറ്റാം, ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാനാകില്ലെന്ന് മറുപടി കിട്ടി. അതുപോരാ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റണമെന്ന് സജി പറഞ്ഞു. അഞ്ച് പേരോളം യൂണിഫോം ഇടാതെ ജോലി ചെയ്യാന്‍ തുടങ്ങി. യൂണിയന്‍ ഷെഡ് വെള്ള നിറമടിച്ചതിന്‍റെ പേരിലും പ്രശ്നമായി. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചുവപ്പടിച്ചു. സജി ഒരാളെയും പറ്റിക്കാത്ത ഒരാളാണ്. അവന്‍ സഹായിക്കാത്ത ഒരാളും ഈ നാട്ടില്‍ ഇല്ല. ഈ നാടുമായി അവന് അത്രയും ബന്ധമാണ്. അവന് അഴിമതി ഇഷ്ടമില്ല. ചോദ്യംചെയ്തതിന് വധഭീഷണിയുണ്ടായി. എല്‍.സി സെക്രട്ടറി ബാലകൃഷ്ണന്‍, ബ്രാഞ്ച് സെക്രട്ടറി ഗംഗാധരന്‍ എന്നിവരാണ് ഭീഷണിപ്പെടുത്തിയത്. അല്ലാതെ പാര്‍ട്ടിക്ക് പങ്കില്ല"