യൂണിയൻ തെരഞ്ഞെടുപ്പ്: കോഴിക്കോട്ടെ വിവിധ കോളജുകളിൽ സംഘർഷം

മൊകേരി ഗവൺമെന്റ് കോളജിൽ കെഎസ്‌യു- എംഎസ്എഫ് വനിതാ പ്രവർത്തകരടക്കമുള്ളവരെ പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി വിദ്യാർഥികൾ രം​ഗത്തെത്തി.

Update: 2024-10-10 14:26 GMT
Advertising

കോഴിക്കോട്: കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടെ വിവിധ കോളജുകളിൽ സംഘർഷം. പേരാമ്പ്ര, മൊകേരി, മുച്ച്കുന്ന് ​ഗവ. കോളജുകളിൽ വിദ്യാർഥി, യുവജന സംഘടനകൾ തമ്മിൽ സംഘർഷമുണ്ടായി. നിരവധി പേർക്ക് പരിക്കേറ്റു.

മുച്ച്കുന്ന് കോളജിൽ വോട്ടെണ്ണൽ ആരംഭിച്ചതുമുതൽ വിദ്യാർഥി- യുവജന സംഘടനകൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയും വൈകീട്ടോടെ വലിയ സംഘർഷത്തിലേക്ക് എത്തുകയുമായിരുന്നു. മൂന്ന് തവണയാണ് സംഘർഷമുണ്ടായത്. തുടർന്ന് കൊയിലാണ്ടി പൊലീസെത്തി രംഗം ശാന്തമാക്കി.

തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ്, കെഎസ്‌യു, യൂത്ത് ലീഗ്- എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകർ തമ്മിലാണ് ഇവിടെ സംഘർഷം ഉണ്ടായത്. കോളജിൽ കെഎസ്‌യു ആണ് അധികാരത്തിലെത്തിയത്. ഇതേ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.

സംഘർഷത്തിനു പിന്നാലെ ‌മൊകേരി ഗവൺമെന്റ് കോളജിൽ കെഎസ്‌യു- എംഎസ്എഫ് വനിതാ പ്രവർത്തകരടക്കമുള്ളവരെ പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി വിദ്യാർഥികൾ രം​ഗത്തെത്തി. ഇതു കൂടാതെ പേരാമ്പ്ര ​ഗവ. കോളജിലും കെഎസ്‌യു- എസ്എഫ്ഐ സംഘർഷമുണ്ടായി.

ഇന്ന് കാലിക്കറ്റ് സർവകലാശാലയിലെ കോളജുകളിൽ യൂണിയൻ തെരഞ്ഞെടുപ്പായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. 


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News