വാഴപ്പിണ്ടിയിൽ മുഹമ്മദ് റിയാസിന്റെ ഫോട്ടോ, കോലം കത്തിച്ച് യൂത്ത് കോൺഗ്രസ്; സംഘർഷം

മൂന്ന് വട്ടമാണ് പോലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചത്

Update: 2023-03-16 07:48 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: നിയമസഭയിൽ യുഡിഎഫ് എംഎൽഎമാരെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. മുദ്രാവാക്യം വിളിച്ചെത്തിയ പ്രതിഷേധകർ മുഖ്യമന്ത്രിയുടെയും മുഹമ്മദ് റിയാസിന്റെയും സ്പീക്കറുടെയും കോലം കത്തിച്ചു. ബാരിക്കേഡ് മറികടന്ന് സഭയിലേക്ക് കയറാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ബലംപ്രയോഗിച്ചു. 

തുടർന്ന്, പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് തള്ളിമാറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പൊലീസിന് നേരെ പ്രവർത്തകർ കമ്പും വടിയും വലിച്ചെറിഞ്ഞു. മൂന്ന് വട്ടമാണ് പോലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചത്. 

കഴിഞ്ഞ ദിവസമാണ് നിയമസഭയിൽ അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ പോലും അനുമതി നൽകുന്നില്ലെന്ന പരാതിയുമായി പ്രതിപക്ഷം സ്പീക്കറുടെ ഓഫീസ് ഉപരോധിക്കുകയായിരുന്നു. തുടർന്ന് പ്രതിപക്ഷ എം.എൽ.എമാരും വാച്ച് ആന്‍റ് വാർഡുമാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തന്നെ കൈയേറ്റം ചെയ്തെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

കെകെ രമ എംഎൽഎയുടെ കൈക്ക് പരിക്കേൽക്കുകയും സനീഷ് കുമാർ എംഎൽഎ കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ തുടർച്ചയെന്നോണം ഇന്നും സഭ ബഹളമയമായിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി സഭ പിരിഞ്ഞു. സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിലും സമവായം ഉണ്ടാകാത്തതോടെയാണ് പ്രതിപക്ഷം വീണ്ടും പ്രതിഷേധം കടുപ്പിച്ചത്. 

ഇതിനിടെ സംഭവത്തിൽ തിരുവനന്തപുരം മ്യൂസിയം പോലീസ് എംഎൽഎമാർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അഞ്ച് പ്രതിപക്ഷ എംഎൽമാർക്കെതിരെയും രണ്ട് ഭരണകക്ഷി എംഎൽഎമാർക്കെതിരെയുമാണ് കേസ്. അൻവർ സാദത്ത്, കെകെ രമ, റോജി എം ജോൺ, പികെ ബഷീർ, ടി സിദ്ദീഖ് എന്നീ യുഡിഎഫ് എംഎൽഎമാർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. കൂടാതെ, കണ്ടാലറിയാവുന്ന അഞ്ച് എംഎൽഎമാരെയും പ്രതി ചേർത്തിട്ടുണ്ട്.

കലാപഹ്വനം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്താൻ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. നിയമസഭയിലെ വാച്ച് ആൻഡ് വാർഡുമാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുഡിഎഫ് എംഎൽഎമാർക്കെതിരായ നടപടി. ഒപ്പം, ഇന്നലെ പരിക്കേറ്റ സനീഷ് കുമാർ എംഎൽഎയുടെ പരാതിയെ തുടർന്ന് എച്ച് സലാം, സച്ചിൻ ദേവ് എന്നീ ഭരണകക്ഷി എംഎൽഎമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഐപിസി 323, 324 വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് മ്യൂസിയം പൊലീസ് വ്യക്തമാക്കുന്നു.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News