വിദ്വേഷ ചര്‍ച്ചകള്‍ സജീവം; ക്ലബ്ബ് ഹൗസ് റൂമുകള്‍ പൊലീസ് നിരീക്ഷണത്തില്‍
സമൂഹത്തിൽ ഭിന്നിപ്പും സ്പർദ്ധയും വളർത്തുന്ന രീതിയിലും യുവജനതയെ വഴിതെറ്റിക്കുന്ന രീതിയിലുമുള്ള റൂമുകൾ ക്ലബ്ബ് ഹൗസില്‍ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്
പുത്തന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ക്ലബ് ഹൗസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. സമൂഹത്തിൽ ഭിന്നിപ്പും സ്പർദ്ധയും വളർത്തുന്ന രീതിയിലും യുവജനതയെ വഴിതെറ്റിക്കുന്ന രീതിയിലുമുള്ള റൂമുകൾ ക്ലബ് ഹൗസില്‍ സജീവമാകുന്നുവെന്നാണ് കണ്ടെത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ സൈബർ ഷാഡോ പൊലീസിന്‍റെ ശക്തമായ നിരീക്ഷണത്തിലാണ് ക്ലബ് ഹൗസ്.
തിരിച്ചറിയാത്ത ഐ.ഡി കളുമായി പൊലീസ് സേനയിലുള്ളവർ ഇത്തരം റൂമുകളിലെത്തി നിരീക്ഷിക്കുകയും മോഡറേറ്റർമാർ അടക്കമുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. എന്തെങ്കിലും പരാതിയോ കേസോ ഉണ്ടായാൽ മോഡറേറ്റർ, സ്പീക്കർ/ഓഡിയോ പാനലുകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും.
ലൈവായ സംസാരം ആര്‍ക്കും കേള്‍ക്കാം, ഏത് ഗ്രൂപ്പിലും കയറാം എന്നതാണ് ക്ലബ് ഹൗസിന്‍റെ പ്രത്യേകത. അതിനാല്‍ തന്നെ ഇത്തരം റൂമുകള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ ഏറെയാണ്. ഇത്തരം റൂമുകളില്‍ റെക്കോഡ് ചെയ്യപ്പെടുന്ന സംഭാഷണങ്ങള്‍ പിന്നീട് മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. പുതുതായി ചാറ്റിംഗ് സൗകര്യം കൂടി ലഭ്യമായതോടെ ഇത്തരം റൂമുകളില്‍ കയറുന്നവര്‍ ബ്ലാക്ക് മെയില്‍ ചെയ്യപ്പെടാനും, ഹണി ട്രാപ്പില്‍ പെടാനും സാധ്യതയുണ്ട്.