'മുഖ്യമന്ത്രിക്ക് ബിജെപി നേതാക്കളുമായി ബന്ധം, പിണറായിയുടെ സമ്മതമില്ലാതെ അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കാണില്ല': പി.വി അൻവർ
'എന്നെ കള്ളക്കടത്തുകാരൻ ആക്കാമെന്ന് പിണറായി വിജയന്‍ വിചാരിക്കേണ്ട'
നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയന് ബിജെപി നേതാക്കളുമായി ബന്ധമുണ്ടെന്ന് പി.വി അൻവർ എംഎൽഎ. മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അൻവറിൻ്റെ പ്രതികരണം. വ്യക്തിപരമായ ആവശ്യങ്ങൾക്കുവേണ്ടിയായിരിക്കും ഈ ബന്ധമെന്നും അൻവർ പറഞ്ഞു.
'തങ്ങൾക്കനുകൂലമായി വരുന്ന ആവശ്യങ്ങൾക്കുവേണ്ടിയും, തങ്ങൾക്കെതിരായ ശബ്ദങ്ങളെ ഒതുക്കാനും വേണ്ടിയായിരിക്കും ഈ ബന്ധം. അന്താരാഷ്ട്ര ക്രിമിനൽ സംഘമാണ് എഡിജിപി അജിത് കുമാറും സ്വർണക്കടത്ത് സംഘവും. എല്ലാവരാലും വെറുക്കപ്പെട്ടയാളാണ് അജിത് കുമാർ. പൊലീസ് സേനയിൽ ഡിവൈഎസ്പി മുതൽ എസ്പി വരെ റാങ്കിലുള്ള നിരവധി പേരെ കണ്ണീർ കുടിപ്പിച്ചതും അവരുടെ കുടുംബം നശിപ്പിച്ചയാളാണ് അജിത്കുമാർ. നിരവധി പൊലീസുകാർ ഈ കാര്യം തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സമ്മതമില്ലാതെ എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ച നടക്കില്ലെന്നാണ് തനിക്ക് തോന്നുന്നത്.'- അൻവർ പറഞ്ഞു.
സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട 188 കേസുകൾ സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിക്കാൻ മുഖ്യമന്ത്രി തയ്യാറാണോയെന്ന് അൻവർ വീണ്ടും വെല്ലുവിളിച്ചു. 'എന്നെ കള്ളക്കടത്തുകാരൻ ആക്കാമെന്ന് പിണറായി വിജയന്‍ വിചാരിക്കേണ്ട. നൂറിലേറെ വർഷം പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായ എന്നെ ആരു വിചാരിച്ചാലും ഒന്നും ചെയ്യാൻ കഴിയില്ല. പിണറായിക്ക് രക്ഷപ്പെടാൻ എന്നെ കുറ്റക്കാരനാക്കേണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു.'
പ്രതിപക്ഷം പോലും ഉന്നയിക്കാത്ത തരത്തിലുള്ള വിമർശനങ്ങളാണ് ഇന്ന് ഇടതുപക്ഷ എംഎൽഎയായ പി.വി അൻവറിൽനിന്നും ഉണ്ടായത്. പാർട്ടി കൂടി തള്ളിപ്പറഞ്ഞതിനു പിന്നാലെ പരസ്യപ്രസ്താവന നിർത്തിയെന്ന് കഴിഞ്ഞദിവസം അൻവർ പറഞ്ഞിരുന്നെങ്കിലും മുഖ്യമന്ത്രി തന്നെ ചതിച്ചെന്നും വഞ്ചിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്ന് അൻവർ വീണ്ടും മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. ശക്തമായ വിമർശനങ്ങളിലൂടെ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച അൻവർ, അദ്ദേഹമെന്ന സൂര്യൻ കെട്ടുപോയെന്നും ജനങ്ങൾ വെറുക്കുന്ന ആളായി മാറിയെന്നും പറഞ്ഞു.
മുഖ്യമന്ത്രിക്ക് ഒരുനിമിഷം പോലും ആഭ്യന്തര വകുപ്പ് ഭരിക്കാനുള്ള അർഹതയില്ലെന്നും അദ്ദേഹം അക്കാര്യത്തിൽ അമ്പേ പരാജയമാണെന്നും അൻവർ തുറന്നടിച്ചു. എഡിജിപി അജിത്കുമാറിനെ ഇപ്പോഴും സംരക്ഷിക്കുന്നത് അയാൾ മുഖ്യമന്ത്രിയുടെ മറ്റൊരു മരുമകനായതു കൊണ്ടായിരിക്കാം. അല്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ അയാളെ കെട്ടിപ്പിടിച്ച് നിൽക്കുന്നത് എന്നും അൻവർ ചോദിച്ചു. മരുമകന് നൽകുന്ന പഗിഗണന അജിത്കുമാറിനും നൽകുന്നു. എല്ലാത്തിലും മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടെന്നും അൻവർ കൂട്ടിച്ചേർത്തു.