കിറ്റെക്സിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; 'ആരോപണങ്ങള്‍ കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കം'

പരാതി വന്നാൽ പരിശോധിക്കുമെന്നും അത് വേട്ടയാടലായി ചിത്രീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Update: 2021-07-10 14:28 GMT
Advertising

കിറ്റെക്സിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കിറ്റെക്സ് വിവാദം കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണ്. വസ്തുതകൾക്ക് നിരക്കാത്ത വാദങ്ങളാണ് ഉയർന്ന് വന്നത്. കേരളം നിക്ഷേപ സൗഹൃദമല്ലെന്നത് പണ്ട് പറഞ്ഞുപരത്തിയ ആക്ഷേപമാണെന്നും ഇപ്പോൾ കേരളത്തെ കുറിച്ച് അറിയാവുന്ന എല്ലാവരും ഏറ്റവും വലിയ നിക്ഷേപ സൗഹൃദ സംസ്ഥാനമായാണ് കേരളത്തെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിതി ആയോഗ് സുസ്ഥിര വികസന സൂചികയിൽ കേരളമാണ് ഒന്നാമത്. സൂചികയിലെ പ്രധാന പരിഗണനാ വിഷയം വ്യവസായമാണ്. വ്യവസായ നേട്ടമാണ് കേരളത്തെ ഒന്നാമതെത്തിച്ചത്. മികച്ച ബിസിനസ് സാഹചര്യം, മനുഷ്യ മൂലധനം എന്നീ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും മെച്ചപ്പെട്ട നിക്ഷേപ സാഹചര്യങ്ങൾ എന്ന വിഭാഗത്തിൽ നാലാം സ്ഥാനവും കേരളത്തിനാണ്.

പരാതി വന്നാൽ പരിശോധിക്കുമെന്നും അത് വേട്ടയാടലായി ചിത്രീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കിറ്റെക്‌സ് എം.ഡി സാബു ജേക്കബിന്റെ ആരോപണങ്ങള്‍ തള്ളിയ മുഖ്യമന്ത്രി, സംസ്ഥാന സര്‍ക്കാര്‍ വ്യവസായങ്ങള്‍ക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു.

കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് നടപ്പാക്കിയ ലോക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് പ്രധാനം. അതുകൊണ്ടാണ് ഘട്ടംഘട്ടമായി ഇളവുകൾ അനുവദിക്കുന്നത്. ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാകില്ല.

കേരളത്തിൽ എന്തുകൊണ്ട് രോഗികളുടെ എണ്ണം കുറയുന്നില്ല എന്ന് പലരും ചോദിക്കുന്നുണ്ട്. പൊതുജനാരോഗ്യ തത്വം അനുസരിച്ച് പരിശോധിച്ചാൽ ഇതിൽ അധികം അത്ഭുതപ്പെടാനില്ല. അമിതമായി ഭയപ്പെടേണ്ടതില്ലെന്നും കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രണ്ടാം തരംഗത്തിൽ രോഗസാധ്യതയുള്ളവർ കേരളത്തിൽ കൂടുതലായിരുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ടതിലും എത്രയോ ഇരട്ടിയാണ് മറ്റ് സംസ്ഥാനങ്ങളിൽ മരണമെന്നാണ് കണക്ക്. മരണങ്ങളുടെ റിപ്പോര്‍ട്ടിങ്ങ് അത്ര അനായാസമായി ചെയ്യാവുന്ന ഒന്നല്ല, എങ്കിലും മിക്ക സംസ്ഥാനങ്ങളെക്കാളും മെച്ചപ്പെട്ട രീതിയില്‍ റിപ്പോട്ട് ചെയ്ത സംസ്ഥാനമാണ് കേരളമെന്ന് ഐ.സി.എം.ആറിന്റെ പഠനം തന്നെ തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News