'വിവേകം തൊട്ടു തീണ്ടിയിട്ടില്ലാത്ത മനുഷ്യൻ, കയറൂരി വിട്ടിരിക്കുന്നു'; ഗവർണർക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
എകെജിയും നായനാരും കരുണാകരനും 'ബ്ലഡി കണ്ണൂരി'ന്റെ സന്തതികളാണെന്നും ഗവർണർക്ക് കേരളവും കണ്ണൂരും അറിയില്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിവേകം തൊട്ടു തീണ്ടിയിട്ടില്ലാത്ത മനുഷ്യനാണ് ഗവർണർ എന്നും ഇദ്ദേഹത്തെ ഇങ്ങനെ കയറൂരി വിടരുതെന്ന് കേന്ദ്രം മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടൂരിലെ നവകേരള സദസ്സിൽ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
"കരിങ്കൊടി പ്രതിഷേധങ്ങളെ ഗവർണർ തെറി പറഞ്ഞ് അപമാനിക്കുകയാണ്. കരിങ്കൊടി എന്ന് പറഞ്ഞാൽ ചെറിയ ടവൽ ആണ്. വിവരദോഷത്തിന് അതിരു വേണം. പ്രതിഷേധങ്ങളെ തല്ലിയൊതുക്കാമെന്നാണോ ഗവർണറുടെ ഭാവം? ഞാൻ ഇരിക്കുന്ന സ്ഥാനത്തെ ബഹുമാനിക്കുന്നത് കൊണ്ട് അധികം പറയുന്നില്ല. ഞങ്ങൾ ആരെയും ക്രിമിനൽസ് എന്ന് വിളിക്കാറില്ല. പക്ഷേ ഗവർണർക്ക് എല്ലാവരും റാസ്‌ക്കൽസ് ആണ്. ഇത് പോലൊരാളെ വെച്ച് എന്തും കാണിക്കാം എന്ന് കരുതരുത്. ഇദ്ദേഹത്തെ ഇങ്ങനെ കയറൂരി വിടുന്നത് ശരിയല്ലെന്ന് കേന്ദ്രം മനസ്സിലാക്കണം. യുഡിഎഫും കാര്യങ്ങൾ മനസ്സിലാക്കണം". മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂർ ജില്ലയെ കുറിച്ച് ഗവർണർ നടത്തിയ 'ബ്ലഡി കണ്ണൂർ' പരാമർശത്തിന് മറുപടി പറയാനും മുഖ്യമന്ത്രി മറന്നില്ല. എകെജിയും നായനാരും കരുണാകരനും 'ബ്ലഡി കണ്ണൂരി'ന്റെ സന്തതികളാണെന്നും ഗവർണർക്ക് കേരളവും കണ്ണൂരും അറിയില്ലെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. "സർക്കസ്, കേക്ക്, ക്രിക്കറ്റ് എന്നിവയെല്ലാം ഇന്ത്യാ രാജ്യത്തിന് പരിചയപ്പെടുത്തിയത് തലശ്ശേരിയാണ്. ബ്ലഡി കണ്ണൂരിലെ തലശ്ശേരി. എന്തിനും ഒരതിരുണ്ട്. ആ അതിരുകൾ ലംഘിക്കുകയാണ് ഗവർണർ.കണ്ണൂർ എന്താണെന്ന് ഗവർണർക്കറിയില്ല, പഴശ്ശിയും കേരള വർമ്മയും എവിടത്തുകാരാണന്ന് ഗവർണർക്കറിയില്ല. വിശപ്പ് മാറാനുള്ള സമരങ്ങൾ നടന്ന നാടാണ് കണ്ണൂർ". മുഖ്യമന്ത്രി പറഞ്ഞു.
ഗവർണറുടെ ബ്ലഡി കണ്ണൂർ പരാമർശത്തിനെതിരെ മന്ത്രി മുഹമ്മദ് റിയാസും ഇന്ന് പ്രതികരിച്ചിരുന്നു. ഗവർണറോട് 'ഷട്ട് യുവർ ബ്ലഡി മൗത്ത്' എന്ന് പറയാത്തത് ആ പദവിയോടുള്ള ബഹുമാനം കൊണ്ടാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.