ലൈഫ് മിഷൻ കള്ളപ്പണ ഇടപാട്; സി.എം.രവീന്ദ്രൻ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കും
കഴിഞ്ഞ മാസം 27ന് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയിരുന്നതാണ്
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ കേസിലെ കള്ളപ്പണ ഇടപാടിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരായേക്കും. കഴിഞ്ഞ മാസം 27ന് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയിരുന്നതാണ്. എന്നാൽ നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ഔദ്യോഗിക തിരക്കുകളുണ്ടെന്നും അതിനാൽ സമയം നീട്ടി നൽകണമെന്നുമായിരുന്നു രവീന്ദ്രന്‍റെ ആവശ്യം.
ഇതിന് പിന്നാലെയാണ് രണ്ടാമത്തെ നോട്ടീസും ഇ.ഡി നൽകിയത്. രവീന്ദ്രനെതിരായ സ്വപ്നയുടെ മൊഴി, ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സപ്പ് സന്ദേശത്തിലെ രവീന്ദ്രന്‍റെ പേര് പരാമർശം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണ് ഇ.ഡിയുടെ ലക്ഷ്യം.
രവീന്ദ്രനെ ചോദ്യം ചെയ്യണമെന്ന് സ്വപ്‌ന ആവശ്യപ്പെട്ടിരുന്നു.എല്ലാത്തിനും സഹായം ചെയ്തുകൊടുത്ത ആദ്യത്തെ ഓഫീസർ സിഎം രവീന്ദ്രനാണെന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിച്ച് അദ്ദേഹം കേസിൽ നിന്ന് രക്ഷപെടുകയായിരുന്നെന്നുമായിരുന്നു സ്വപ്നയുടെ മൊഴി. സ്വപ്നയുടെ മൊഴിയിലടക്കം ഇ.ഡി അന്വേഷണം നടത്തും.