എലത്തൂർ ട്രെയിന്‍ ആക്രമണത്തിനിടെ മരിച്ചവരുടെ വീടുകൾ മുഖ്യമന്ത്രി ഇന്ന് സന്ദർശിക്കും

സർക്കാർ പ്രഖ്യാപിച്ച ധനസഹായം ജില്ലാ കലക്ടർ ഇന്ന് കൈമാറും

Update: 2023-04-07 08:00 GMT
Editor : Lissy P | By : Web Desk
Advertising

കണ്ണൂർ: എലത്തൂർ ട്രെയിന്‍ ആക്രമണത്തിനിടെ മരിച്ചവരുടെ വീടുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സന്ദർശിക്കും. സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി.ജയരാജനാണ് ഇക്കാര്യം അറിയിച്ചത്. മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ജില്ലാ കലക്ടർ ഇന്ന് കൈമാറും.

 കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്,സഹോദരിയുടെ മകൾ രണ്ടരവയസുകാരി സഹ്റ, കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്.തീ പടരുന്ന് കണ്ട് ട്രാക്കിലേക്ക് എടുത്തു ചാടിയെന്നാണ് കരുതുന്നത്.

അതേസമയം, എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്‌ഫിയെ റിമാൻഡ് ചെയ്തു. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പ്രതിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട്. പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് അപേക്ഷ നൽകും.കോഴിക്കോട് ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി എസ് വി മനേഷ് രാവിലെ ആശുപത്രിയിൽ നേരിട്ടെത്തിയാണ് കോടതി നടപടികള്‍ പൂർത്തിയാക്കിയത്. 

ഷാരൂഖിന് സാരമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നാണ് ഇന്ന് ചേർന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യുന്നതിന് തടസമില്ലെന്ന സൂചനയാണ് റിപ്പോർട്ടിലുള്ളത്. ഈ സാഹചര്യത്തിൽ ഷാരൂഖിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതിയെ കസ്റ്റഡിയിൽ വേണമെന്നാവശ്യവുമായി പോലീസ് ഇന്ന് തന്നെ കോടതിയെ സമീപിക്കും.

കഴിഞ്ഞ ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവിൽ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്. ട്രെയിൻ എലത്തൂർ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ഡി 1 കമ്പാർട്ടുമെന്റിലാണ് അക്രമണം നടന്നത്.

മൂന്ന് ദിവസത്തെ അന്വേഷണത്തിന് ശേഷം മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ നിന്നാണ് ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്ര എ.ടി.എസ് സംഘം പിടികൂടുന്നത്. പിന്നീട് ഇയാളെ കേരള പൊലീസിന് കൈമാറുകയായിരുന്നു. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News