കോക്ലിയർ ഇംപ്ലാന്റിൽ ധാരണ; കേടുവന്ന ശ്രവണസഹായി സുരക്ഷാ മിഷൻ നന്നാക്കും
300ലധികം കുട്ടികളാണ് ശ്രവണസഹായി കേടുവന്നത് മൂലം കേൾവിക്കുറവ് അനുഭവിക്കുന്നത്
തിരുവനന്തപുരം: കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയക്ക് ശേഷം ശ്രവണ സഹായി കേടുവന്നവരെ സഹായിക്കാന്‍ ആരോഗ്യവകുപ്പും സാമൂഹ്യനീതിവകുപ്പും ധാരണയിലെത്തി. കേടുവന്ന ശ്രവണസഹായി സാമൂഹ്യസുരക്ഷാമിഷന്‍ തന്നെ നന്നാക്കും. ഇതിനുള്ള പണം ആരോഗ്യവകുപ്പിന് കീഴിലെ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി നല്‍കും.
300ലധികം കുട്ടികളാണ് ശ്രവണസഹായി കേടുവന്നത് മൂലം കേൾവിക്കുറവ് അനുഭവിക്കുന്നത്. ഇനി മുതൽ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ ആരോഗ്യ ഏജൻസി വഴി നടത്തും. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ മെഡിക്കൽ കോർപറേഷൻ ആണ് വാങ്ങുക. ഉപകരണങ്ങൾ നന്നാക്കുന്നതിന്റെയും പുതിയവ വാങ്ങുന്നതിന്റെയും കണക്കെടുക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി.
2012ൽ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തിയ കുട്ടികളുടെ ശ്രവണസഹായി കേടുവന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. ശ്രവണസഹായിയിലുള്ള ഉപകരണങ്ങൾ കേടുവന്നാൽ നന്നാക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. ശ്രവണസഹായി അപ്‌ഗ്രേഡ് ചെയ്യാനുള്ള നിർദേശം കമ്പനികൾ നൽകുകയും ചെയ്തിരുന്നു. ശ്രവണസഹായ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്ക് സാമൂഹികസുരക്ഷാ മിഷൻ വഴി നടപ്പാക്കിയിരുന്ന പദ്ധതികൾ സ്തംഭനാവസ്ഥയിലാണെന്നതാണ് ആശങ്ക വർധിപ്പിച്ചത്.
കഴിഞ്ഞ ബജറ്റിൽ ഈ പദ്ധതികൾ സർക്കാർ ആരോഗ്യവകുപ്പിന് കീഴിലാക്കി. ഈ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രിയും സാമൂഹ്യനീതി വകുപ്പ് മന്ത്രിയും യോഗം ചേർന്ന് ധാരണയിലെത്തുകയായിരുന്നു. പുതിയ ശസ്ത്രക്രിയകൾ ആരോഗ്യവകുപ്പാകും നടത്തുക.
ജന്മനാ ബധിരരായ കുട്ടികൾക്ക് സംസ്ഥാന സർക്കാരിന്റെ ശ്രുതിതരംഗം പദ്ധതിയിലൂടെയാണ് കേൾവിശേഷി ലഭിച്ചത്. ഇവർക്ക് വച്ചുപിടിപ്പിച്ച ശ്രവണസഹായിയുടെ ഭാഗങ്ങൾ ഇപ്പോൾ കിട്ടാനില്ല. ഇവയുടെ നിർമാണം കമ്പനി നിർത്തിയതാണ് കാരണം. ഇതോടെ കുട്ടികളും രക്ഷിതാക്കളും ദുരിതത്തിലാവുകയായിരുന്നു.