'വാപ്പച്ചിയെ സ്‌നേഹിക്കുന്നവരേ.. നിരപരാധിത്തങ്ങളുടെ ഘോഷയാത്ര തീർത്ത് മഅ്ദനി കേരളത്തിലേക്ക് വരും'- സലാഹുദ്ധീൻ അയ്യൂബി
കോയമ്പത്തൂർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ മഅ്ദനിയെ കുറ്റവിമുക്തനാക്കി
കോയമ്പത്തൂർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ അബ്ദുന്നാസർ മഅ്ദനിയുൾപ്പെടെ നാലു പേരെ വെറുതെ വിട്ടു. രാജ്യത്തിന്റെ നീതി സംവിധാനങ്ങളിൽ വിശ്വസിക്കുന്നതിന് കൂടുതൽ ഊർജം നൽകുന്ന വാർത്തയാണിതെന്നും നിരപരാധിത്തങ്ങളുടെ ഘോഷയാത്ര തീർത്ത് മഅ്ദനി കേരളത്തിലേക്ക് ഉടന്‍ വരുമെന്നും മഅ്ദനിയുടെ മകന്‍ സലാഹുദ്ധീൻ അയ്യൂബി പറഞ്ഞു. കൂടെ നിന്നവർക്കും പ്രാർത്ഥിച്ചവർക്കും പ്രയത്നിച്ചവർക്കും നന്ദിയും കടപ്പാടും അറിയിക്കുന്നതായും അയ്യൂബി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.
''വാപ്പച്ചിയെ സ്‌നേഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത അറിയിക്കുന്നു. രാജ്യത്തിന്റെ നീതി സംവിധാനങ്ങളിൽ വിശ്വസിക്കുന്നതിന് കൂടുതൽ ഊർജം നൽകുന്ന വാർത്തയാണിത്. പൂർണ നിരപരാധിയായി ഇരുന്നിട്ടും വാപ്പച്ചിയെ കോയമ്പത്തൂർ സെൻട്രൽ ജയിലിലാക്കി. അദ്ദേഹത്തെ നിരപരാധിയായി പ്രഖ്യാപിക്കുന്ന കേസുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ആ കോയമ്പത്തൂർ കേസിലേക്ക് അറസ്റ്റ് ചെയ്യുന്നതിനായി കോഴിക്കോട് കസബ സ്‌റ്റേഷനിലേക്ക് ആദ്യം അറസ്റ്റ് ചെയ്ത് കൊണ്ടുപോയിരുന്നു. അവിടെ നിന്നാണ് തമിഴ്‌നാട് ഗവൺമെന്റിന് കൈമാറുന്നത്. ഇത് അദ്ദേഹത്തെ സമ്പൂർണ രോഗിയാക്കി മാറ്റിയ ഒമ്പതര വർഷത്തെ തടവാണ് സമ്മാനിച്ചത്. ഈ രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങൾക്ക് വേണ്ടി അദ്ദേഹം വാദിച്ചതിനാണ് അതുണ്ടായത്. അന്ന് കസബ പോലീസ് സ്‌റ്റേഷനിലേക്ക് അറസ്റ്റ് ചെയ്ത് കൊണ്ടുപോയതിനെടുത്ത കേസാണ് വിചാരണ പൂർത്തിയാക്കി അദ്ദേഹത്തെ ഇന്ന് നിരപരാധിയായി പ്രഖ്യാപിച്ചത്. നിരപരാധിത്തങ്ങളുടെ ഘോഷയാത്ര തീർത്ത് മഅ്ദനി കേരളത്തിലേക്ക് ഉടന്‍ വരും, പ്രയാസങ്ങളില്‍ കൂടെ നിന്നവർക്കെല്ലാം നന്ദി''. അയ്യൂബി പറഞ്ഞു.
കോയമ്പത്തൂർ സ്‌ഫോടനകേസിൽ അറസ്റ്റ് ചെയ്യാനായി കോഴിക്കോട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. മഅ്ദനിക്കൊപ്പം എ.ടി മുഹമ്മദ് അഷ്‌റഫ് മാറാട്, എം.വി സുബൈർ പയ്യാനക്കൽ, അയ്യപ്പൻ, അബ്ദുൽ നാസർ എന്നിവരെയും കോടതി വെറുതെവിട്ടു. കോഴിക്കോട് അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, രാജ്യദ്രോഹം, മതവിഭാഗങ്ങളില്‍ സ്പര്‍ധയുണ്ടാക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസ്. കോയമ്പത്തൂരിൽ രജിസ്റ്റർ ചെയ്ത കേസിലും മഅ്ദനിയെ നേരത്തെ വെറുതെവിട്ടിരുന്നു.