ഭാഗ്യലക്ഷ്മിക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

നടിയെ ആക്രമിച്ച കേസിൽ കോടതി നാടകം കളിക്കുകയാണെന്നും വിധി നേരത്തെ എഴുതിവെച്ചതാണെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചിരുന്നു.

Update: 2022-06-02 12:29 GMT
Advertising

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിക്കെതിരെ വിവാദ പരാമർശം നടത്തിയ ഭാഗ്യലക്ഷ്മിക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കറ്റ് ജനറലിന് പരാതി. ഹൈക്കോടതി അഭിഭാഷകനായ എം.ആർ ദനിൽ ആണ് ഹരജി നൽകിയത്. കേസിൽ കോടതി നാടകം കളിക്കുകയാണെന്നും വിധി നേരത്തെ എഴുതിവെച്ചതാണെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചിരുന്നു.

'നടിയെ ആക്രമിച്ച കേസിന്റെ വിധി തയ്യാറാണ്. ഇനി അത് പ്രഖ്യാപിക്കേണ്ട ദിവസമേയുള്ളൂ. ബാക്കിയെല്ലാം കഴിഞ്ഞു. ഇപ്പോള്‍ നടക്കുന്നതെല്ലാം മറ്റുപല നാടകങ്ങളുമാണ്. കോടതിയില്‍ പ്രോസിക്യൂട്ടര്‍മാര്‍ അപമാനവും പരിഹാസവും നേരിടുകയാണ്. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ മാറിയിട്ടും ജുഡീഷ്യറി കാരണം ചോദിക്കുന്നില്ല. എന്താണ് പ്രശ്‌നമെന്ന് ഒരു സാധാരണക്കാരനോടും കോടതി ചോദിക്കുന്നില്ല.

ഒരു സാധാരണക്കാരന്‍ കോടതിയിലേക്ക് കയറിയാല്‍ എന്തായിരിക്കും അവിടെ സംഭവിക്കുന്നത്. എന്റെ കേസില്‍ ഞാന്‍ തെറ്റ് ചെയ്തു എന്നരീതിയിലാണ് ജഡ്ജി എന്നോട് സംസാരിച്ചത്. പക്ഷേ, ഞാന്‍ അതിനെ ബഹുമാനിക്കുന്നു. ഞാന്‍ നിയമം കൈയിലെടുത്തത് കൊണ്ടാണ് കോടതി ആ വാക്ക് ചോദിച്ചത്. തീര്‍ച്ചയായും കോടതി അത് ചോദിക്കേണ്ടതാണ്. ഞാന്‍ അതിനെ ബഹുമാനിക്കുന്നു.

പക്ഷേ, ഒരു ഉന്നതന്‍ കോടതിയിലെത്തിയാല്‍ കോടതി ചോദിക്കുന്നതെന്താണ്. നിങ്ങള്‍ക്ക് ഇങ്ങനെ ചെയ്തൂടെ, മൊബൈല്‍ സറണ്ടര്‍ ചെയ്തൂടെ എന്നൊക്കെയാണ്. ഇതൊക്കെ സാധാരണക്കാരനോടും ചോദിച്ചാല്‍ സാധാരണ ജനങ്ങള്‍ക്ക് കോടതിയോട് ബഹുമാനവും വിശ്വാസവും ഉണ്ടാകും. എന്നാല്‍ സാധരാണക്കാര്‍ കോടതിയില്‍ പോയാല്‍ ഒരു വാക്ക് പോലും ഉച്ചരിക്കാനുള്ള അവകാശമില്ല. ഞങ്ങള്‍ക്ക് നീതിപീഠത്തെ സംശയമാണ്, ഭയവും ഉണ്ട്'- ഭാഗ്യലക്ഷ്മി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News