എം.എം ലോറൻസിൻ്റെ മകൾ ആശക്കെതിരെ പരാതി
മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ചാണ് ലോറൻസിന്റെ ബന്ധു പരാതി നൽകിയത്
എറണാകുളം: അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മകൾ ആശാ ലോറൻസിനെതിരെ പരാതി. മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ചാണ് ലോറൻസിന്റെ ബന്ധു എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. രാഷ്ട്രീയ താത്പര്യത്തിന് വേണ്ടിയായിരുന്നോ ആശ അത്തരത്തിൽ പെരുമാറിയതെന്ന് അന്വേഷിക്കണമെന്ന് പരാതിക്കാരനായ അഡ്വ. അരുൺ ആന്റണി പറഞ്ഞു.
നാടകീയമായിരുന്നു എം.എം ലോറൻസിൻ്റെ പൊതുദർശന ചടങ്ങ്. ഹൈക്കോടതി നിർദേശമുണ്ടായിട്ടും മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകുന്നതിനെ മകൾ ആശ എതിർത്തിരുന്നു. ആശ ചെയ്തത് മൃതദേഹത്തോടുള്ള അനാദരവാണെന്നാണ് ലോറൻസിൻ്റെ സഹോദരിയുടെ മകളുടെ മകൻ അഡ്വ. അരുൺ ആൻ്റണിയുടെ പരാതി. ആശയുടെ പ്രവൃത്തി ലോറൻസിന്റെ കുടുംബാഗങ്ങുടെ വികാരത്ത മുറിപ്പെടുത്തിയെന്നും അരുൺ ആൻ്റണി പറയുന്നു.
രാഷ്ട്രീയ താൽപര്യത്തിൻ്റെ ഭാഗമായാണ് ആശ പൊതുദർശന ചടങ്ങിൽ ഇങ്ങനെ പെരുമാറിയതെന്നും അരുൺ ആരോപിച്ചു. പൊതുദർശനത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ബന്ധുക്കൾക്കെതിരെ ആശയും പൊലീസിൽ പരാതി നൽകിയിരുന്നു.