ആലുവ കൊലപാതകം; സംസ്കാര കർമം നടത്തിയ രേവതിനെതിരെ പരാതി
തെറ്റായ പ്രസ്താവന വഴി മതസ്പർദ്ധയുണ്ടാക്കാനും കലാപത്തിനും ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്
കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ സംസ്കാര കർമങ്ങൾ നിർവഹിച്ച രേവതിനെതിരെ പൊലീസിൽ പരാതി. ഇതരസംസ്ഥാനക്കാരിയായ കുട്ടിയായതിനാൽ സംസ്കാരത്തിന് പൂജാരികളെത്തിയില്ലെന്ന രേവതിന്റെ ആരോപണത്തിനെതിരെയാണ് പരാതി. അഭിഭാഷകനായ ജിയാസ് ജമാലാണ് പരാതി നൽകിയത്.
തെറ്റായ പ്രസ്താവന വഴി മതസ്പർദ്ധയുണ്ടാക്കാനും കലാപത്തിനും ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഹിന്ദിക്കാരുടെ കുട്ടികൾക്ക് പൂജ ചെയ്യില്ലെന്ന് പൂജാരിമാർ പറഞ്ഞുവെന്നായിരുന്നു രേവതിന്റെ പ്രസാതാവന.
അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ അസ്ഫാക്കിന് വധ ശിക്ഷ നൽകണമെന്ന് കുട്ടിയുടെ അച്ഛൻ മീഡിയവണിനോട് പറഞ്ഞു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് കരുതുന്നതെന്നും അവരെ കണ്ടെത്തണമെന്നും അച്ഛൻ പറഞ്ഞു. സർക്കാർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കുട്ടിയുടെ അച്ഛൻ കൂട്ടിച്ചേർത്തു.