പശുക്കൾ ചത്തിട്ട് ഒരാഴ്ച പിന്നിട്ടു; കാലിത്തീറ്റ കമ്പനിക്കെതിരെ മൃഗ സംരക്ഷണ വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് പരാതി
കർഷകൻ പൊലീസിന് പരാതി നൽകി
കോട്ടയം: കോട്ടയത്ത് കാലിത്തീറ്റ കഴിച്ച് പശു ചത്ത സംഭവത്തിൽ കർഷകൻ പൊലീസിന് പരാതി നൽകി. കടുത്തുരുത്തി സ്വദേശി ജോബി ജോസഫാണ് പരാതി നല്കിയത്. കാലിത്തീറ്റ കമ്പനിക്കെതിരെ മൃഗ സംരക്ഷണ വകുപ്പ് നടപടിയെടുക്കാൻ വൈകുന്നതിനാലണ് നിയമ നടപടിയിലേക്ക് കർഷകൻ കടന്നത്. വിഷയം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷവും തീരുമാനിച്ചു.
കെ.എസ് കാലിത്തീറ്റ കഴിച്ച് പശുക്കൾ ചത്തിട്ട് ഒരാഴ്ച പിന്നിട്ടിട്ടും കമ്പനിക്കെതിരെ നടപടി സ്വീകരിക്കാൻ ഇതുവരെ മൃഗ സംരക്ഷണ വകുപ്പ് തയ്യാറായിട്ടില്ല. കമ്പനിയിൽ കൃത്യമായ പരിശോധന പോലും നടത്തിയിട്ടില്ലെന്നാണ് വിവരം. ഫംഗസ് അല്ലെന്ന് പ്രാഥമിക പോസ്റ്റുമോർട്ടത്തിലും കണ്ടെത്തിയെന്ന് പറഞ്ഞ് നടപടികൾ മൃഗസംരക്ഷണ വകുപ്പ് മയപ്പെടുത്തുകയാണ്.
ഈ സാഹചര്യത്തിലാണ് നിയമനപടികളിലേക്ക് കടക്കാനാണ് കർഷകരുടെ തീരുമാനം. കടുത്തുരിത്തിയിലെ കർഷകനായ ജോബി ജോസഫ് പോലീസിൽ നല്കിയ പരാതി നല്കുകയും ചെയ്തു. നടപടികൾ വൈകുന്ന സാഹചര്യത്തിൽ പ്രതിപക്ഷം വിഷയം ഏറ്റെടുത്തിട്ടുണ്ട്.സഭയിലടക്കം വിഷയം ഉയർത്തിക്കൊണ്ട് വരാനാണ് നീക്കം. അതേസയമം, കർഷകർക്ക് തുച്ഛമായ നഷ്ടപരിഹാരം നൽകി പ്രശ്‌നം ഒത്ത് തീർപ്പാക്കാനുള്ള നീക്കവും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇതിനായിട്ടാണ് നടപടികൾ വൈകിപ്പിക്കുന്നത് എന്നാണ് കർഷകർ പറയുന്നത്.