ഗാർഹിക പീഡനത്തിൽ പരാതി നൽകി; യുവതിയെയും മക്കളെയും ഭർത്താവ് വീട്ടിൽ നിന്ന് പുറത്താക്കിയെന്ന് പരാതി

"സംശയരോഗിയാണ് രാജേഷ്, വീടിന്റെ തിണ്ണയിൽ വന്നിരിക്കാൻ പോലും അനുവാദമുണ്ടായിരുന്നില്ല"

Update: 2024-12-08 07:59 GMT
Advertising

കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെയും കുട്ടികളെയും പുറത്താക്കി ഭർത്താവ് വീടുപൂട്ടി പോയതായി പരാതി. മൂന്നാംതോട് മുട്ടുകടവ് സ്വദേശി രാജേഷിന് എതിരെയാണ് പരാതി. ഭാര്യ അനുമോളും കുട്ടികളും രണ്ട് ദിവസമായി വീട്ടുവരാന്തയിലാണ് കഴിയുന്നത്. സംഭവത്തിൽ പ്രൊട്ടക്ഷൻ ഓർഡർ ഉണ്ടായിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് യുവതി പറയുന്നു.

ഗാർഹിക പീഡനത്തിന് അനുമോൾ രാജേഷിനെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് പ്രൊട്ടക്ഷൻ ഓർഡർ പ്രകാരം രാജേഷിന്റെ വീട്ടിൽ നിൽക്കാൻ കോടതി ഉത്തരവിട്ടു. ഈ ഓർഡറുമായി രണ്ട് ദിവസം മുമ്പ് രാത്രി യുവതി വീട്ടിലെത്തിയെങ്കിലും രാവിലെ പരിഹരിക്കാം എന്നറിയിച്ച് പൊലീസ് സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ചു.

ഇന്നലെ പൊലീസ് പറഞ്ഞത് പ്രകാരം രാജേഷിന്റെ വീട്ടിലെത്തിയപ്പോഴാണ് മക്കളെ പുറത്താക്കി വീടുപൂട്ടിയിരിക്കുന്നത് കണ്ടത്. വീട്ടുകാർ എവിടെയെന്ന് അറിയില്ല എന്നും മൂത്ത കുട്ടി അവർക്കൊപ്പമുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും അനുമോൾ പറയുന്നു.

യുവതിയുടെ വാക്കുകൾ:

"ഗാർഹിക പീഡനത്തിന് രാജേഷിനെതിരെ പരാതി നൽകിയിരുന്നു. പ്രൊട്ടക്ഷൻ ഓർഡറോട് രാജേഷിന്റെ വീട്ടിൽ നിൽക്കാനാണ് കോടതി ഉത്തരവിട്ടത്. അത്പ്രകാരം മിനിഞ്ഞാന്ന് രാത്രി വീട്ടിലേക്ക് വന്നു. ഒരു പ്രശ്‌നവും ഞാൻ ഉണ്ടാക്കിയിട്ടില്ല. പക്ഷേ ഞാൻ പ്രശ്‌നമുണ്ടാക്കിയെന്ന് ഒരു പ്രാദേശിക ബിജെപി നേതാവ് പൊലീസിനെ വിളിച്ചറിയിച്ചു.

പിറ്റേദിവസത്തേക്ക് പ്രശ്‌നം പരിഹരിക്കാമെന്ന് പൊലീസെത്തി ഉറപ്പ് തന്നത് പ്രകാരമാണ് സ്വന്തം വീട്ടിലേക്ക് പോയത്. പിറ്റേദിവസം രാജേഷിന്റെ വീട്ടിലേക്ക് വന്നപ്പോൾ മക്കളെ പുറത്താക്കി വീട് പൂട്ടിയിരിക്കുന്നതാണ് കണ്ടത്. മൂത്ത കുട്ടി അവർക്കൊപ്പം ഉണ്ടാകുമെന്നാണ് വിശ്വാസം. പൊലീസിന്റെ ഫോണും സ്വിച്ച് ഓഫ് ആണ്.

പൊലീസ് കൂടി അറിഞ്ഞാണ് ഈ നടപടിയെന്നാണ് കരുതുന്നത്. വീട് കുത്തിത്തുറന്ന് അകത്ത് കയറാനൊക്കെയാണ് അവരുടെ മറുപടി. പ്രൊട്ടക്ഷൻ പേപ്പറൊന്നും പൊലീസ് ഇതുവരെ അംഗീകരിച്ചിട്ടില്ല. വീട്ടിൽ നിന്നിറങ്ങാൻ തന്നെയാണ് ആദ്യദിവസം മുതൽ പറയുന്നത്.

എന്ത് ചെയ്യണം എന്നറിയില്ല. ടിവി കണ്ടുകൊണ്ടിരുന്ന മകനോട് പുറത്തിറങ്ങാൻ പറഞ്ഞശേഷം വീട് പൂട്ടുകയായിരുന്നു. രാജേഷിന്റെ മുത്തശ്ശിയെ അടുത്തുള്ള വീട്ടിലേക്ക് പറഞ്ഞയച്ച ശേഷമായിരുന്നു ഇത്.

2008ലായിരുന്നു ഞങ്ങളുടെ വിവാഹം. സ്ത്രീധനമായി കിട്ടിയ സ്വർണം ഉപയോഗിച്ചാണ് ഈ വീടും സ്ഥലവും ഉണ്ടാക്കിയത്. പക്ഷേ അത് ഭർത്താവിന്റെ അമ്മയുടെ പേരിൽ എഴുതി വച്ചു. എന്നോട് ഇറങ്ങിപ്പോകാനും പറഞ്ഞു.

സംശയരോഗിയാണ് രാജേഷ്. മദ്യപാനവും ലഹരിയുമെല്ലാമുണ്ട്. നിരന്തരം മർദിക്കുകയും ചെയ്തിരുന്നു. ജോലിക്ക് പോയി വരുമ്പോൾ ഞാൻ അടിവസ്ത്രം ഇട്ടിട്ടുണ്ടോ എന്നൊക്കെ പരിശോധിക്കും. വീടിന്റെ തിണ്ണയിൽ വന്നിരിക്കാൻ പോലും അനുവാദമുണ്ടായിരുന്നില്ല.

Full View

പക്ഷേ എല്ലാം സഹിച്ച് നിന്നു. എങ്ങനെയെങ്കിലും ഒരു വാടക വീട് എടുത്ത് മാറിത്താമസിക്കാമെന്ന് പലതവണ പറഞ്ഞതാണ്. പക്ഷേ ഫലമുണ്ടായില്ല. മക്കൾക്ക് പോലും രാജേഷ് ലഹരി കൊടുക്കാറുണ്ട്. സ്‌കൂളിൽ അവർ ഉറക്കമാണെന്ന് ടീച്ചർമാർ വിളിച്ചറിയച്ചപ്പോഴാണ് അതറിയുന്നത്. രാജേഷിന്റെ അച്ഛൻ ബിയർ ഒക്കെ തരാറുണ്ടെന്ന് കുട്ടികൾ പറഞ്ഞിട്ടുമുണ്ട്".

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News