സുഹൃത്തായ യുവതിയെ മര്‍ദിച്ചെന്ന പരാതി; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ കേസെടുത്തു
കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി
തിരുവനന്തപുരം: സുഹൃത്തായ യുവതിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ കേസെടുത്തു. കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. സ്ത്രീയെ ആക്രമിച്ചതിന് 354 വകുപ്പ് ചുമത്തിയും സ്ത്രീത്വത്തെ അപമാനിക്കൽ, തട്ടിക്കൊണ്ടുപോകൽ, ഉപദ്രവിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ പരാതിക്കാരിയുടെ മൊഴി പൂർണമായും രേഖപ്പെടുത്താൻ ആയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ പൊലീസിനും മജിസ്‌ട്രേറ്റിനും യുവതി മൊഴി നല്‍കിയിരുന്നു.
കഴിഞ്ഞ മാസം 14നാണ് എല്‍ദോസ് കുന്നപ്പിള്ളിയും സുഹൃത്തായ യുവതിയും കോവളത്തെത്തിയത്. ഇവിടെ വെച്ച് വാക്കുതര്‍ക്കമുണ്ടാവുകയും എല്‍ദോസ് യുവതിയെ ദേഹോപ്രദവം ഏല്‍പ്പിച്ചെന്നുമാണ് പരാതി. തിങ്കളാഴ്ച വൈകിട്ടു കോവളം സ്റ്റേഷനില്‍ ഹാജരായ യുവതി പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് അറിയിച്ചിരുന്നു. യുവതിയെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം വഞ്ചിയൂർ പൊലീസിനും പരാതി ലഭിച്ചിരുന്നു. ഈ പരാതിയിൽ യുവതിയിൽ നിന്ന് വഞ്ചിയൂർ പൊലീസ് മൊഴി രേഖപ്പെടുത്തി.