ഇതര മതസ്ഥയെ വിവാഹം കഴിച്ചെന്ന കാരണത്താല്‍ യുവാവിന്‍റെ സംസ്‌കാരത്തിന് സെമിത്തേരി അനുവദിച്ചില്ലെന്ന് പരാതി
കൊല്ലം കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ മരിച്ച മാത്യു തോമസിന്‍റെ മൃതദേഹം അടക്കം ചെയ്യാനാണ് പള്ളി സെമിത്തേരി നിഷേധിച്ചത്
ഇതര മതവിശ്വാസിയെ വിവാഹം കഴിച്ചെന്ന കാരണത്താല്‍ യുവാവിന്‍റെ സംസ്‌കാരത്തിന് സെമിത്തേരി അനുവദിച്ചില്ലെന്ന് പരാതി. കൊല്ലം കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ മരിച്ച മാത്യു തോമസിന്‍റെ മൃതദേഹം അടക്കം ചെയ്യാനാണ് പള്ളി സെമിത്തേരി നിഷേധിച്ചത്. മാത്യു തോമസ് സഭാവിശ്വാസിയല്ലെന്നാണ് ടി.പി.എം പെന്തക്കോസ്ത് സഭ അധികാരികളുടെ നിലപാട്.
കഴിഞ്ഞ ദിവസം കൊട്ടാരക്കരയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മാത്യു തോമസ് മരിച്ചത്. സംസ്‌കാരം നടത്താനായി ബന്ധുക്കള്‍ ടി.പി.എം പെന്തക്കോസ്ത് സഭ അധികാരികളെ സമീപിച്ചു. എന്നാല്‍ സഭ നേതാക്കള്‍ സംസ്‌കാരത്തിനായി പള്ളി സെമിത്തേരി അനുവദിച്ചില്ലെന്നാണ് പരാതി. വര്‍ഷങ്ങളായി ടി.പി.എം പെന്തക്കോസ്ത് സഭയുടെ വിശ്വാസികളായിരുന്നു മാത്യു തോമസിന്‍റെ കുടുംബം. ഒപ്പം പഠിച്ച ഹിന്ദുവിശ്വാസിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതോടെയാണ് മാത്യു തോമസ് സഭയ്ക്ക് അനഭിമതനായത് എന്ന് ബന്ധുക്കൾ പറഞ്ഞു.
മാത്യു തോമസ് സഭാ വിശ്വാസിയല്ലെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്. പള്ളിയിലെ ചടങ്ങുകളിലോ പ്രാര്‍ഥനയിലോ പങ്കെടുത്തിരുന്നില്ല. മറ്റ് കുടുംബാംഗങ്ങൾ സഭാ വിശ്വാസികളായതിനാല്‍ വീട്ടില്‍ സംസ്‌കാരം നടത്തിയാല്‍ ശുശ്രൂക്ഷ നല്‍കാമെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നുവെന്നും സഭാ നേതൃത്വം അറിയിച്ചു.