കണ്ണൂർ സർവകലാശാല രജിസ്ട്രാർ നിയമനത്തിനെതിരെ ചാൻസലർക്ക് പരാതി
ഇഷ്ടക്കാരെ നിയമിക്കാൻ മെറിറ്റ് അട്ടിമറിക്കുന്നുവെന്നും കെ.പി.സി.ടി.എ ഗവർണർക്ക് നൽകിയ പരാതിയിൽ പറയുന്നു.
കണ്ണൂർ: സർവകലാശാല രജിസ്ട്രാർ നിയമനത്തിനെതിരെ ചാൻസലർക്ക് പരാതി. രജിസ്ട്രാർ നിയമന വിജ്ഞാപനം യു.ജി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമെന്നാണ് പരാതി. ഇഷ്ടക്കാരെ നിയമിക്കാൻ മെറിറ്റ് അട്ടിമറിക്കുന്നുവെന്നും കെ.പി.സി.ടി.എ ഗവർണർക്ക് നൽകിയ പരാതിയിൽ പറയുന്നു.
അതേസമയം പ്രിയാ വർഗീസിൻ്റെ നിയമന ശിപാർശ റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ കണ്ണൂർ സർവ്വകലാശാല അപ്പീൽ നൽകില്ല. വിധി നടപ്പാക്കുന്നതിൽ കണ്ണൂർ സർവകലാശല നിയമോപദേശം തേടി. വിഷയം ചർച്ച ചെയ്യാൻ അടിയന്തര സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർക്കും.
അസോസിയേറ്റ് പ്രൊഫസർ തസ്തികയിലെ നിയമനത്തിന് പ്രിയാ വർഗീസ് അയോഗ്യയെന്ന ഹൈക്കോടതി ഉത്തരവ് കണ്ണൂർ സർവ്വകലാശാലയ്ക്ക് കനത്ത തിരിച്ചടിയായി. നിയമന നടപടികൾക്കായുള്ള സ്ക്രീനിംഗ്, സെലക്ഷൻ കമ്മിറ്റികൾക്കെതിരായ കോടതിയുടെ രൂക്ഷ വിമർശനവും സർവകലാശാലയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വിധിയിലെ തുടർ നടപടികൾ ചർച്ചചെയ്യാൻ അടുത്ത ആഴ്ച ആദ്യം സർവകലാശാല സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർക്കും.