'മുന്നറിയിപ്പില്ലാതെയുള്ള മരവിപ്പിക്കൽ നിയമവിരുദ്ധം'; അക്കൗണ്ട് മരവിപ്പിക്കുന്ന ബാങ്കുകൾക്കെതിരെ റിസർവ് ബാങ്കിന് പരാതി

അന്യായമായി ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ നീക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകണമെന്നും പരാതിയിലുണ്ട്

Update: 2023-04-14 02:56 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: അക്കൗണ്ട് മരവിപ്പിക്കുന്ന ബാങ്കുകളുടെ നടപടിക്കെതിരെ റിസർബാങ്കിനെ സമീപിച്ച് പരാതിക്കാർ. നടപടി ക്രമങ്ങൾ പാലിക്കാതെയുള്ള അക്കൗണ്ട് മരവിപ്പിക്കൽ നിയമവിരുദ്ധവും ഭരണഘടനാ അവകാശങ്ങളുടെ ലംഘനവുമാണെന്ന് കാണിച്ചാണ് പരാതി. അന്യായമായി ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ നീക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകണമെന്നും പരാതിയിലുണ്ട്. ഫെഡറൽ ബാങ്കിൽ അക്കൗണ്ടുള്ള അഷ്ഫാഖ് അഹമ്മദ്, മുഹമ്മദ് ജസീർ, അഖിൽ മൻസൂർ, കേരള ഗ്രാമീൺ ബാങ്കിൽ അക്കൗണ്ടുള്ള മൊയ്തിൻ ഐ.സി.ഐ.സി.സി.ഐയിൽ അക്കൗണ്ടുള്ള ഫോഴ്‌സാ എന്ന പാർട്ടണഷിപ്പ് ഗ്രൂപ്പുമാണ് റിസർബാങ്കിന് പരാതി നൽകിയത്.

ഉപഭോക്താക്കളെ അറിയിക്കാതെ നടപടിക്രമങ്ങൾ പാലിക്കാതെ അക്കൗണ്ട് മരവിപ്പിക്കുന്നത് നിയമപരവും ഭരണഘടനാ പരവുമായി അവകാശം ലഘിക്കുന്നതാണെന്ന് പരാതിയിൽ പറയുന്നു. ഭരണഘടനയുടെ 14 , 21 എന്നീ അനുഛേദങ്ങളുടെ ലംഘനമാണ് ബാങ്ക് നടപടിയെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. സി ആർ പി സി 102 വകുപ്പ് പ്രകാരമാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന് കഴിയുന്നത്. എന്നാൽ ഇത് നടപ്പാക്കുന്നത് സംബന്ധിച്ച സുപ്രിം കോടതിയും വിവിധ ഹൈക്കോടതികളും നൽകിയ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണ് ബാങ്കുകളുടെ ഇപ്പോഴത്തെ നടപടിളെന്നാണ് പരാതിക്കാർ ഉയർത്തുന്ന പ്രധാന വിമർശനം.

അക്കൗണ്ട് മരവിപ്പിക്കൽ ഒഴിവാക്കണം,മരവിപ്പിക്കൽ നടപടി സംബന്ധിച്ച ബാങ്കുകൾ മാർഗനിർദേശം നൽകണം എന്നീ ആവശ്യങ്ങൾ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. റിസർബാങ്ക് ഗവർണർക്ക് ഇ മെയിലായും റിസർവ് ബാങ്കിന്റെ തിരുവനന്തപുരത്തെ സൂപ്പർവിഷൻ വിഭാഗത്തിൽ നേരിട്ടും പരാതി എത്തിച്ചിട്ടുണ്ട്.



Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News