സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗണ്‍
ഇളവ് അവശ്യസർവീസുകള്‍ക്ക് മാത്രം; അനാവശ്യമായി പുറത്തിറങ്ങിയാല്‍ കർശന നടപടി
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക്ഡൗൺ. അവശ്യസര്‍വ്വീസുകള്‍ക്ക് മാത്രമാണ് ഇളവ്. അനാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഹോട്ടലുകളില്‍ നിന്ന് ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ.
ലോക്ക് ഡൌണില്‍ ഇതുവരെ നല്‍കിയ ഇളവുകള്‍ ഒഴിവാക്കിയാണ് ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. രണ്ട് ദിവസം നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. പുറത്ത് ഇറങ്ങാതെ സഹകരിക്കണമെന്നും കടുത്ത നിയന്ത്രങ്ങള്‍ ഉണ്ടാകുമെന്നും ആരോഗ്യം അടക്കം അവശ്യസര്‍വ്വീസുകള്‍ക്ക് മാത്രമാണ് ഇളവ് അനുവദിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹോട്ടലുകളില്‍ നിന്ന് പാഴ്സല്‍, ടേക്ക് എവേ എന്നിവ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കും. നേരത്തെ ഇളവ് നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് ഇന്ന് പ്രവര്‍ത്തനനുമതിയില്ല.
നിലവില്‍ ജൂണ്‍ 16 വരെയാണ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വീണ്ടും നീട്ടാന്‍ സാധ്യതയില്ലെങ്കിലും കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അടക്കം കുറച്ച് നാളുകള്‍ കൂടി തുടരാനാണ് സാധ്യത.