മുൻനിര പോരാളികളിലും കോവിഡ് വ്യാപനം; ആരോഗ്യപ്രവർത്തകരിലും പൊലീസുകാരിലും രോഗം വർധിക്കുന്നു
കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിക്കണമെന്ന് കെജിഎംഒഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു
സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം കൂടുന്നു. പത്ത് ദിവസത്തിനിടെ ആയിരത്തിലധികം ആരോഗ്യ പ്രവർത്തകർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിക്കണമെന്ന് കെജിഎംഒഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. 1,200 പൊലീസുകാർക്കും ഇക്കാലയളവിൽ രോഗം ബോധിച്ചു.
സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായാണ് ആരോഗ്യ പ്രവർത്തകർക്കും പൊലീസുകാർക്കുമിടയിൽ രോഗം വ്യാപിക്കുന്നത്. കഴിഞ്ഞ പത്തു ദിവസത്തിനിടെ 1,071 ആരോഗ്യപ്രവർത്തകർ രോഗബാധിതരായി. അഞ്ചുദിവസത്തിനിടെ മാത്രം 598 പേർക്ക് കോവിഡ് ബാധിച്ചു. രണ്ട് ഡോസ് വാക്‌സിൻ എടുത്തിരുന്നതിനാൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ല.
പ്രതിസന്ധി മറികടക്കാൻ നിർദേശങ്ങൾ മുന്നോട്ടുവച്ച് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ മുഖ്യമന്ത്രിക്ക് കത്തയച്ചു. കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കുക, തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കാൾ സെന്റർ തുടങ്ങുക, വിരമിച്ച ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുക തുടങ്ങി ഏഴു നിർദേശങ്ങളാണ് കെജിഎംഒഎ കൈമാറിയത്.
കോവിഡ് ഡ്യൂട്ടിയിലുള്ളവരടക്കം പൊലീസുകാർക്കിടയിലും രോഗം വർധിച്ചിട്ടുണ്ട്. ലോക്കൽ പൊലീസിലും സ്‌പെഷ്യൽ യൂനിറ്റുകളിലുമായി 928 പേർക്കും 206 സായുധ സേനാംഗങ്ങൾക്കും 64 ട്രെയിനി പൊലീസുകാർക്കുമാണ് രോഗം ബാധിച്ചത്. സമ്പർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് 724 പൊലീസുകാർ നിരീക്ഷണത്തിലുമാണ്. ഇക്കാലയളവിൽ ആകെ 10,420 പേരാണ് ഇതുവരെ രോഗമുക്തരായത്.