പോളിടെക്‌നിക്കിൽ യൂണിയൻ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘർഷം; വിദ്യാർഥികൾക്കും പൊലീസുദ്യോഗസ്ഥർക്കും പരിക്ക്
വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു
വയനാട്: മേപ്പാടി ഗവൺമെന്റ് പോളിടെക്‌നിക്കിൽ യൂണിയൻ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘർഷം. വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിതോടെ പൊലീസ് ലാത്തിവീശി. സംഘർഷത്തിൽ മൂന്ന് വിദ്യാർഥികൾക്കും മൂന്ന് പൊലീസുദ്യോഗസ്ഥർക്കും പരിക്കേറ്റു.
യുഡിഎസ്എഫ് പ്രവർത്തകൻ അലനെ ക്രൂരമായി മർദിക്കുന്ന പൊലീസിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. എസ്.എഫ്.ഐ - യു.ഡി.എസ്.എഫ്. മുന്നണികൾ തമ്മിലായിരുന്നു പ്രധാന മത്സരം. തുടർച്ചയായ 28 വർഷമായി കോളജ് ഭരിക്കുന്ന എസ് എഫ് ഐക്ക് ഇത്തവണ ഭരണം നഷ്ടമായിരുന്നു. ഇതിൽ പ്രകോപിതരായ എസ്എഫ്‌ഐ പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് യുഡിഎസ്എഫ് വാദം. അതേസമയം, കോളേജിൽ ലഹരിക്കെതിരെ നടത്തിയ ക്യാമ്പയിനിൽ പ്രതിഷേധിച്ച ഒരു സംഘം വിദ്യാർഥികളാണ് യൂണിയൻ തെരഞ്ഞെടുപ്പിൽ അക്രമം അഴിച്ചുവിട്ടതെന്ന് എസ്എഫ്‌ഐ പ്രവർത്തകരും ആരോപിക്കുന്നു.