കെ-റെയിലിൽ കോൺഗ്രസ് നിലപാട് മാറ്റിയിട്ടില്ല: കെ സുധാകരൻ
പദ്ധതിയെ കോൺഗ്രസ് അനുകൂലിക്കുന്നു എന്നത് തെറ്റായ വാർത്തയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. അഭിമുഖത്തിലെ ഒരു വാക്ക് എടുത്താണ് വാർത്തയായത്
സിൽവർ ലൈൻ പദ്ധതിയെ കോൺഗ്രസ് അനുകൂലിക്കുന്നു എന്നത് തെറ്റായ വാർത്തയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. അഭിമുഖത്തിലെ ഒരു വാക്ക് എടുത്താണ് വാർത്തയായത്. അതിവേഗ റെയിൽപാത വേണ്ടെന്ന് കോൺഗ്രസ് പറഞ്ഞിട്ടില്ല കെ- റെയിൽ സാധ്യമാവാത്ത പദ്ധതിയാണെന്നും സുധാകരൻ പറഞ്ഞു.
പ്രതികൂല സാഹചര്യത്തിൽ പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് സംസ്ഥാന സർക്കാർ ഒരു ഗ്രീൻ സിഗ്നൽ പോലും ലഭിക്കാതെ പൊലീസിനെയും കൂട്ടി കല്ലിടുകയാണ്. ഇതിന് കേന്ദ്രത്തിൻ്റെയും ബിജെപിയുടെയും പിന്തുണയുണ്ടോ എന്ന സംശയമുണ്ട്. പരസ്പരം സംരക്ഷിക്കാൻ ഏത് അവിശുദ്ധ ബന്ധത്തിലേക്കും ഇവർ എത്തിച്ചേരും. പദ്ധതിക്ക് അനുമതി നൽകരുതെന്ന് കോൺഗ്രസ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. കേന്ദ്രം അനുമതി നൽകിയാൽ സമരം ശക്തമാക്കും. ജനപിന്തുണ കൊണ്ടും ജനശക്തി കൊണ്ടും ഇതിനെ നേരിടും. വിഷയം പഠിക്കാൻ മാത്രമാണ് ശശി തരൂർ സമയമെടുത്തത്. അദ്ദേഹത്തിൻ്റെ അഭിപ്രായം കോൺഗ്രസ് നിലപാടിനോട് ചേർന്ന് നിൽക്കുന്നതാണെന്നും സുധാകരൻ പറഞ്ഞു.
വീടുകൾ നഷ്ടപ്പെടുന്നവർക്ക് ആശങ്കയുണ്ട്. ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിന് ബാധ്യതയുണ്ട്. സർക്കാരിന്റെ കയ്യിൽ പണമില്ല. നിലവിൽ സംസ്ഥാനം വലിയ കടക്കണക്കെണിയിലാണ്. അങ്ങനെയുള്ളപ്പോഴാണ് ഇത്രയും ചെലവുള്ള പദ്ധതിക്കായി സർക്കാർ ഒരുങ്ങുന്നത്. രണ്ട് ലക്ഷം കോടി ചെലവ് എന്ന് വിദഗ്ദർ പറയുന്നത് സമയബന്ധിതമായി പൂർത്തിയാക്കിയാലാണ്. കെ-റെയിൽ അങ്ങനെ പൂർത്തിയാക്കാൻ പറ്റില്ല. ശബരി റെയിൽ അവസ്ഥ നോക്കൂ എന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.