ഡിസിസി പട്ടിക; അനുനയ ശ്രമവുമായി ഹൈക്കമാന്‍ഡ്
നിലവിലുള്ള പട്ടികയിൽ നിന്ന് വലിയ മാറ്റങ്ങൾക്ക് ഹൈക്കമാൻഡ് തയാറാകില്ലെന്നാണ് സൂചന. കെപിസിസി പുനഃസംഘടന വരുമ്പോൾ കൂടുതൽ സ്ത്രീപ്രാതിനിധ്യം നൽകാനും സാധ്യതയുണ്ട്.
കേരളത്തിലെ ഡിസിസി അധ്യക്ഷ പട്ടികയിൽ അവസാനവട്ട അനുനയ ശ്രമവുമായി ഹൈക്കമാൻഡ്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ ടെലിഫോണിൽ സംസാരിച്ചു. പട്ടികയിൽ സ്ത്രീ പ്രാതിധ്യമില്ലാത്തതിൽ സോണിയ ഗാന്ധി കേരള നേതാക്കളെ അതൃപ്തി അറിയിച്ചിരുന്നു.
ആദ്യഘട്ട പട്ടിക തയാറാക്കുമ്പോഴും പിന്നീട് രണ്ടാംഘട്ട പട്ടിക തയാറാക്കുമ്പോഴും തങ്ങളുമായി ആശയവിനിമയം നടത്തിയില്ലെന്ന് കേരളത്തിലെ മുതിർന്ന നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു.
ആലപ്പുഴയിലും കോട്ടയത്തുമാണ് ഏറ്റവും കൂടുതൽ പ്രതിസന്ധിയുണ്ടായിരിക്കുന്നത്. ആലപ്പുഴയിൽ ബാബു പ്രസാദിന് വേണ്ടി ശക്തമായി രമേശ് ചെന്നിത്തല നിലകൊണ്ടിരുന്നു. പക്ഷേ അവസാനഘട്ടത്തിൽ ബാബു പ്രസാദിനെ വെട്ടി കെ.സി. വേണുഗോപാലിന്റെ നോമിനിയായി കണക്കാക്കുന്ന കെ.പി. ശ്രീകുമാരിന്റെ പേര് ഉയർന്നു വരികയായിരുന്നു.
കോട്ടയത്ത് തന്നോട് കൂടിയാലോചന നടത്താതെയാണ് ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നതെന്ന പരാതിയുമായി ഉമ്മൻ ചാണ്ടി രംഗത്തുണ്ട്.
അതേസമയം ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അനുസരിച്ചുള്ള ഒരു പട്ടികയല്ല ഇപ്രാവശ്യം ഉണ്ടാവുക എന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കിയിരുന്നു. എന്നാൽ നിലവിലുള്ള പട്ടികയിൽ നിന്ന് വലിയ മാറ്റങ്ങൾക്ക് ഹൈക്കമാൻഡ് തയാറാകില്ലെന്നാണ് സൂചന. കെപിസിസി പുനഃസംഘടന വരുമ്പോൾ കൂടുതൽ സ്ത്രീപ്രാതിനിധ്യം നൽകാനും സാധ്യതയുണ്ട്.