കെ.സുധാകരനും വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രക്ക് ഇന്ന് തുടക്കം
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ യാത്ര ഉദ്ഘാടനം ചെയ്യും
കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി. സി.സി പ്രസിഡന്‍റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രക്ക് ഇന്ന് വൈകിട്ട് കാസർകോട് തുടക്കമാവും. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ യാത്ര ഉദ്ഘാടനം ചെയ്യും.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെ എന്ന മുദ്രാവാക്യത്തിലാണ് കെ.പി.സി സിയുടെ സമരാഗ്നി. രാജ്യത്തെ തൊഴിലില്ലായ്മയും കാർഷിക മേഖലയിലെ പ്രശ്നങ്ങളും, ദലിതർക്കും ആദിവാസികൾക്കുമെതിരെയുള്ള അക്രമങ്ങളും യാത്രയിൽ ഉയർത്തും. ഉദ്ഘാടന സമ്മേളനത്തിൽ 25000 പ്രവർത്തകർ പങ്കെടുക്കുമെന്നും ഒരുക്കങ്ങൾ പൂർത്തിയായെന്നും നേതാക്കൾ അറിയിച്ചു.
കോഴിക്കോട് കടപ്പുറത്തും കൊച്ചി മറൈന്‍ ഡ്രൈവിലും തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തും തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്തും ഉള്‍പ്പെടെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം മഹാസമ്മേളനങ്ങൾ സംഘടിപ്പിക്കും. സമ്മേളനങ്ങളില്‍ പതിനഞ്ച് ലക്ഷത്തോളം പ്രവര്‍ത്തകരെ അണിനിരത്തുമെന്നാണ് സംഘാടകർ അവകാശപ്പെടുനത്.
തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ മൂന്ന് വീതവും കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ രണ്ടുവീതവും കാസര്‍കോട്, വയനാട്, പത്തനംതിട്ട ജില്ലകളില്‍ ഒന്നുവീതവും പൊതുസമ്മേളനങ്ങളാണ് യാത്രയുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും കഷ്ടതകള്‍ അനുഭവിക്കുന്ന സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്‌നങ്ങള്‍ കേൾക്കും. തുടർന്ന് മാധ്യമ പ്രവർത്തകരെ കാണും.