കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ അതിക്രമം; 564 പൊലീസ് സ്റ്റേഷനുകളിലേക്ക് ഇന്ന് കോൺഗ്രസ് മാർച്ച്
നവകേരള സദസ്സ് സമാപനത്തിലേക്ക് അടുക്കുമ്പോഴാണ് പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
തിരുവനന്തപുരം: നവകേരള സദസ്സിനെതിരെ പ്രതിഷേധിക്കുന്ന കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ 564 പൊലീസ് സ്റ്റേഷനുകളിലേക്ക് ഇന്ന് കോൺഗ്രസ് മാർച്ച് നടത്തും. 1500ൽ അധികം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മാർച്ച്.
രാവിലെ 11 മണിക്കാണ് മാർച്ച് എന്നാണ് കെ.പി.സി.സി അറിയിച്ചിരിക്കുന്നത്. നവകേരള സദസ്സ് സമാപനത്തിലേക്ക് അടുക്കുമ്പോഴാണ് പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഒരേസമയം മാർച്ച് നടക്കും. പരിപാടി ഏകോപിപ്പിക്കുന്നതിനായി കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി പ്രസിഡന്റുമാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാർ എന്നിവർക്ക് ചുമതല നൽകിയിട്ടുണ്ട്.
ഒരു പൊലീസ് സ്റ്റേഷൻ മാർച്ചിൽ ചുരുങ്ങിയത് ആയിരം പേരെയെങ്കിലും പങ്കെടുപ്പിച്ചിരിക്കണം എന്ന കർശന നിർദേശമാണ് മണ്ഡലം കമ്മിറ്റികൾക്ക് നൽകിയിട്ടുള്ളത്. നവകേരള സദസ്സിന്റെ സമാപന ദിവസമായ 23ന് 25,000 പേരെ പങ്കെടുപ്പിച്ച് ഡി.ജി.പി ഓഫീസിലേക്ക് മാർച്ച് നടത്താനും കെ.പി.സി.സി തീരുമാനിച്ചിട്ടുണ്ട്. ദേശീയ, സംസ്ഥാന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. പൊലീസ് അതിക്രമത്തിനെതിരെ ഇന്ന് രാവിലെ 11ന് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.