കോൺഗ്രസ് മാർഗരേഖ; വേണ്ടത്ര കൂടിയാലോചനകൾ നടന്നില്ല, പാര്‍ട്ടിക്കുള്ളില്‍ അമർഷം പുകയുന്നു

പുനസ്സംഘടന പൂർത്തിയാക്കാതെ നയപരമായ തീരുമാനങ്ങളെടുത്തത് തെറ്റാണെന്നാണ് ഒരുവിഭാഗത്തിന്‍റെ ആക്ഷേപം.

Update: 2021-09-10 05:35 GMT
Advertising

കോൺഗ്രസ് മാർഗരേഖ തയ്യാറാക്കിയത് വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെയെന്ന് വിമർശനം. പുനസ്സംഘടന പൂർത്തിയാക്കാതെ നയപരമായ തീരുമാനങ്ങളെടുത്തത് തെറ്റാണെന്നാണ് ഒരുവിഭാഗത്തിന്‍റെ ആക്ഷേപം.

നയപരമായ തീരുമാനങ്ങൾ എടുക്കേണ്ടത് കെ.പി.സി.സി എക്സിക്യൂട്ടീവാണ്. രാഷ്ട്രീയകാര്യ സമിതി നോക്കുകുത്തിയായി. ഏകപക്ഷീയമായ തീരുമാനങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നുവെന്നുമാണ് വിമര്‍ശനം. എന്നാല്‍, പാര്‍ട്ടിക്കുള്ളില്‍ ഇപ്പോഴാണ് ഒരു കഹലം അടങ്ങിയത്. ഈ സാഹചര്യത്തില്‍ എതിര്‍പ്പുകള്‍ പരസ്യമാക്കാന്‍ നേതാക്കള്‍ തയ്യാറല്ല. 

പുതുതായി സ്ഥാനമേറ്റെടുത്ത ഡി.സി.സി പ്രസിഡന്റുമാരുടെ പരിശീലന ശില്‍പശാലയില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് പി.ടി തോമസാണ് കഴിഞ്ഞ ദിവസം മാര്‍ഗ്ഗരേഖ അവതരിപ്പിച്ചത്. ആള്‍ക്കൂട്ടത്തില്‍ നിന്ന് സെമി കേഡര്‍ സ്വഭാവത്തിലേക്ക് പാര്‍ട്ടിയെ മാറ്റാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ മാര്‍ഗരേഖ.

പാര്‍ട്ടി പരിപാടികളുടെ വേദികളില്‍ നേതാക്കളെ നിയന്ത്രിക്കണം. സംസ്ഥാന നേതാക്കളെ പാര്‍ട്ടി പരിപാടികള്‍ക്കായി പ്രാദേശിക നേതാക്കള്‍ നേരിട്ടു വിളിക്കരുത്. മണ്ഡലം കമ്മിറ്റിയുടേയും ഡി.സി.സികളുടെയും അനുവാദം വാങ്ങി മാത്രമേ നേതാക്കളെ വിളിക്കാവൂ. തര്‍ക്കങ്ങളും പരാതികളും തീര്‍ക്കാന്‍ ജില്ലാതലങ്ങളില്‍ സമിതി ഉണ്ടാക്കും. പാര്‍ട്ടിയിലെ മുഴുവന്‍സമയ പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം ഇന്‍സെന്റീവ് അനുവദിക്കും. കേഡര്‍മാരുടെ മുഴുവന്‍സമയ പ്രവര്‍ത്തനം ഉറപ്പാക്കാനാണ് പ്രതിമാസ ഇന്‍സെന്റീവ്.

ബൂത്ത് കമ്മിറ്റികളുടെ പ്രവര്‍ത്തനം ആറുമാസം കൂടുമ്പോള്‍ വിലയിരുത്തും. കടലാസില്‍ മാത്രമുള്ള ബൂത്ത് കമ്മിറ്റികള്‍ ഇനി പറ്റില്ല. ബൂത്ത് കമ്മിറ്റികളുടെ പ്രവര്‍ത്തനം ആറുമാസം കൂടുമ്പോള്‍ ഡിസിസി പ്രസിഡണ്ടുമാര്‍ വിലയിരുത്തി കെ.പി.സി.സിക്ക് റിപ്പോര്‍ട്ട് നല്‍കണം. വീഴ്ചയുണ്ടായാല്‍ വീശദീകരണം തേടി നടപടി ഉണ്ടാകും.

ഗ്രാമങ്ങളിലെ സാമൂഹ്യ-സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലെല്ലാം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും സജീവമായി ഇടപെടണം. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. അണികളാണ് പാര്‍ട്ടിയുടെ മുഖമെന്ന നിലക്ക് പ്രവര്‍ത്തിക്കണം. തര്‍ക്കങ്ങളും പരാതികളും ജില്ലാതലങ്ങളില്‍ തീര്‍ക്കണം. അതിനായി ജില്ലാതല സമിതിക്ക് രൂപം നല്‍കും. അവിടെയും തീരാത്ത ഗൗരവമുള്ള പ്രശ്നമാണെങ്കില്‍ കെ.പി.സിസി ഇടപെടും.

ഫ്‌ളക്‌സ് പാര്‍ട്ടി, സ്റ്റേജിലെ ആള്‍ക്കൂട്ടം തുടങ്ങിയ ചീത്തപ്പേരുകള്‍ മാറ്റുകയാണ്. വ്യക്തിപരമായി ആരും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വെക്കരുത്. പാര്‍ട്ടി കമ്മിറ്റികളുടെ അറിവോടെ മാത്രമായിരിക്കും ഇനി ബോര്‍ഡുകള്‍ സ്ഥാപിക്കുക. വ്യക്തി വിരോധത്തിന്റെ പേരില്‍ ആരെയും പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് മാറ്റി നിര്‍ത്തരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.  ഡി.സി.സി പ്രസിഡന്റുമാരുടെ നിര്‍ദേശങ്ങള്‍ കൂടി കേട്ട ശേഷം പുതുക്കിയ മാര്‍ഗരേഖ നടപ്പാക്കി പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് നേതൃത്വത്തിന്റെ തീരുമാനം.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News