ബാബരി മസ്ജിദ് തകർത്ത് നിർമിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കരുത്: വി.എം സുധീരൻ
ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വത്തിനെതിരെ കോൺഗ്രസ് മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും സുധീരൻ പറഞ്ഞു.
കൊല്ലം: ബാബരി മസ്ജിദ് തകർത്ത് നിർമിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കരുതെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ. ക്ഷണം പൂർണമായും നിരാകരിക്കണം. ഒരു കാരണവശാലും പങ്കെടുക്കരുത്. ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വത്തിനെതിരെ കോൺഗ്രസ് മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും സുധീരൻ പറഞ്ഞു.
നെഹ്‌റുവിന്റെ നയങ്ങളിൽനിന്ന് കോൺഗ്രസിന് വ്യതിചലനമുണ്ടായി. അത് ഗുണം ചെയ്തില്ലെന്നാണ് പിന്നീടുണ്ടായ സംഭവങ്ങൾ വ്യക്തമാക്കുന്നത്. നെഹ്‌റുവും ഇന്ദിരയും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചവരായിരുന്നു. മതേതര മൂല്യങ്ങൾ ശക്തിപ്പെടുത്തിയാണ് കോൺഗ്രസ് മുന്നോട്ട് പോകേണ്ടത്. നെഹ്‌റുവിന്റെ സാമ്പത്തിക നയങ്ങളിലേക്ക് രാജ്യം മടങ്ങിപ്പോകണമെന്നും സുധീരൻ പറഞ്ഞു.
ജനുവരി 22-നാണ് രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി തുടങ്ങിയ നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ചടങ്ങിൽ പങ്കെടുക്കുമോയെന്ന് ദേശീയ നേതൃത്വം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വിഷയത്തിൽ എ.ഐ.സി.സിയാണ് നിലപാട് സ്വീകരിക്കേണ്ടത് എന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രതികരണം.