പൈവളിഗ പഞ്ചായത്തിൽ ബി.ജെ.പിയുടെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് കോൺഗ്രസ്; ലീഗ് പിന്തുണയോടെ എൽ.ഡി.എഫ് ഭരണം നിലനിർത്തി
കോൺഗ്രസ് പഞ്ചായത്ത് അംഗം അവിനാഷ് മച്ചാദോയാണ് ബി.ജെ.പിയെ പിന്തുണച്ച് വോട്ട് നൽകിയത്.
കാസർകോട്: കാസർകോട് പൈവളിഗ പഞ്ചായത്ത് ഭരണം മുസ്‌ലിം ലീഗിന്റെ പിന്തുണയോടെ എൽ.ഡി.എഫ് നിലനിർത്തി. എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഏക കോൺഗ്രസ് അംഗം പിന്തുണച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയന്തിക്കെതിരെയാണ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.
കോൺഗ്രസ് പഞ്ചായത്ത് അംഗം അവിനാഷ് മച്ചാദോയാണ് ബി.ജെ.പിയെ പിന്തുണച്ച് വോട്ട് നൽകിയത്. നിലവിൽ എൽ.ഡി.എഫ്-എട്ട്, ബി.ജെ.പി-എട്ട്, മുസ്ലിം ലീഗ്-രണ്ട് കോൺഗ്രസ്-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. നറുക്കെടുപ്പിലൂടെയായിരുന്നു ആദ്യം പഞ്ചായത്ത് പ്രസിഡന്റ്യി സി.പി.എം അംഗമായ ജയന്തിയേയും വൈസ് പ്രസിഡന്റ് ആയി ബി.ജെ.പിയിലെ പുഷ്പ ലക്ഷ്മിയേയും തെരഞ്ഞെടുത്തത്. അവിശ്വാസം പരാജയപ്പെട്ട സാഹചര്യതിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയ ബി.ജെ.പി പ്രതിനിധിയെതിരെയും അവിശ്വാസം കൊണ്ടുവരാൻ നീക്കം നടക്കുന്നുണ്ട്.