പുതുപ്പള്ളി സ്ഥാനാർഥി ആരെന്ന് കോൺഗ്രസ് തീരുമാനിക്കും, ലീഗ് ഒപ്പമുണ്ടാകും: പിഎംഎ സലാം
ഇടതുപക്ഷം സ്ഥാനാർത്ഥിയെ നിർത്തരുതെന്ന കെ സുധാകരന്റെ പ്രസ്താവനയിൽ തെറ്റില്ലെന്നും പിഎംഎ സലാം
പുതുപ്പള്ളിയിൽ ആര് മത്സരിക്കണമെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെയെന്ന് പിഎംഎ സലാം. കോൺഗ്രസ് നിർത്തുന്ന സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ ലീഗ് പരിശ്രമിക്കും. ഇടതുപക്ഷം സ്ഥാനാർത്ഥിയെ നിർത്തരുതെന്ന കെ സുധാകരന്റെ പ്രസ്താവനയിൽ തെറ്റില്ല. സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് അതാത് രാഷ്ട്രീയ പാർട്ടികളെന്നും പിഎംഎ സലാം പറഞ്ഞു.
എൽഡിഎഫും ബിജെപിയും മത്സരിക്കരുതെന്ന സുധാകരന്റെ നിർദേശം ശരിയാണ്. ഇവിടത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അത് നടക്കുമോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പുതുപ്പള്ളിയിലെ സ്ഥാനാർഥി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്നാണെന്ന് പറഞ്ഞിട്ടില്ലെന്നാണ് കെ സുധാകരന്റെ പുതിയ പ്രസ്താവന. സ്ഥാനാർത്ഥിയെ തീരുമാനിക്കുമ്പോൾ ഉമ്മൻചാണ്ടിയുടെ കുടുംബവുമായി ആലോചിക്കും എന്നാണ് പറഞ്ഞത്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ഒരു ചർച്ചകളും പാർട്ടിയിൽ നടന്നിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
ഇതിനിടെ, ചാണ്ടി ഉമ്മനാണ് ഉമ്മന്‍ചാണ്ടിയുടെ അനന്തരാവകാശിയെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.കോൺഗ്രസിൽ തലമുറ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നതിനാൽ സമീപ ഭാവിയിൽ ചാണ്ടി ഉമ്മന്‍ നേതൃത്വനിരയിൽ എത്തുമെന്ന പ്രതീക്ഷയും ചെറിയാന്‍ ഫിലിപ്പ് മീഡിയവണിനോട് പങ്കിട്ടു.. ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം ശരിയായ നടപടി അല്ലെന്ന് കെ പി സിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. തിരക്കിട്ട സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കേണ്ടതില്ലെനന്നായിരുന്നു കെ മുരളീധരന്ന്റെ പ്രതികരണം.