പച്ചക്കൊടിയുമായി പാകിസ്താനിൽ പോടാ എന്നാണ് കോൺഗ്രസ് നേതാവ് പറഞ്ഞത്; ലീഗ് അണികൾക്കിടയിൽ അതൃപ്തിയുണ്ട്-വി.കെ സനോജ്

തിരുവനന്തപുരം വെമ്പായത്ത് യു.ഡി.എഫ് പരിപാടിയിൽ ലീഗിന്റെ കൊടി അഴിപ്പിച്ച സംഭവത്തിലാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെ പ്രതികരണം

Update: 2022-07-30 07:51 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നയത്തിൽ മുസ്‌ലിം ലീഗ് അണികൾക്കിടയിൽ വലിയ അതൃപ്തിയുണ്ടെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ഉത്തരേന്ത്യയിൽ കോൺഗ്രസ് സ്വീകരിക്കുന്ന മൃദുഹിന്ദുത്വ നയത്തിന് തടസമായതുകൊണ്ടാണ് ലീഗിന്റെ കൊടി അഴിപ്പിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. തിരുവനന്തപുരം വെമ്പായത്ത് യു.ഡി.എഫ് പരിപാടിയിൽ ലീഗിന്റെ കൊടി അഴിപ്പിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു സനോജ്.

വെമ്പായം നസീർ എന്ന ലീഗിന്റെ മണ്ഡലം പ്രസിഡന്റ് വെമ്പായത്ത് യു.ഡി.എഫ് പരിപാടിയിലേക്ക് ലീഗിന്റെ കൊടിയുമായി പോയപ്പോൾ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗോപാലകൃഷ്ണൻ എന്ന നേതാവ് അതിന് അനുവദിച്ചില്ല. കൊടി ഉപയോഗിക്കാൻ വിട്ടില്ല. ഇതോടൊപ്പം വംശീയമായ അധിക്ഷേപം നടത്തുകയും ചെയ്തു. 'നീ നിന്റെ പച്ചക്കൊടിയുമായി പാകിസ്താനിൽ പോടാ' എന്നാണ് പറഞ്ഞത്. ലീഗിന്റെ മണ്ഡലം പ്രസിഡന്റിനോട് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റിന്റെ പെരുമാറ്റമാണിത്. ഇതേക്കുറിച്ച് കോൺഗ്രസ്, ലീഗ് നേതൃത്വങ്ങൾ മറുപടി പറയണമെന്നും സനോജ് ആവശ്യപ്പെട്ടു.

കോൺഗ്രസ് രാജ്യത്ത് മൃദുഹിന്ദുത്വ ലൈൻ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ രാഹുൽ ഗാന്ധി വയനാട്ട് വന്നു മത്സരിപ്പിച്ചപ്പോൾ ലീഗിന്റെ പച്ചപ്പതാക അഴിപ്പിച്ച് മാപ്പുപറഞ്ഞിരുന്നതാണ്. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന മൃദുഹിന്ദുത്വ ലൈനിന് ഇവിടത്തെ ലീഗിന്റെ പതാക തടസമാണെന്നതു കൊണ്ടാണിത്. ലീഗിന്റെ അണികൾക്കിടയിൽ കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലാപാടിനോട് അതൃപ്തിയുണ്ട്. ലീഗ് കോട്ടകളിൽ വലിയ വിള്ളൽ വന്നുകൊണ്ടിരിക്കുകയാണ്. മുസ്‌ലിം സമുദായത്തിനിടയിൽ ലീഗിന് പഴയ സ്വീകാര്യതയില്ലെന്നും സനോജ് ചൂണ്ടിക്കാട്ടി.

''സംഘ്പരിവാറിന്റെ നയങ്ങൾക്കെതിരെ പൊരുതാൻ ഇപ്പോൾ രാജ്യത്ത് ഇടതുപക്ഷമാണ് മുന്നിൽനിൽക്കുന്നത്. അതിന്റെ പ്രധാന കേന്ദ്രം കേരളമാണ്. അതുകൊണ്ട് കേരളത്തെ തകർക്കൽ രാജ്യംഭരിക്കുന്ന സംഘ്പരിവാറിന്റെ പ്രധാന ലക്ഷ്യമാണ്. കേരളത്തെ തകർക്കാനുള്ള അവരുടെ പദ്ധതികളുടെ ഇവിടത്തെ നടത്തിപ്പുകാരായി യൂത്ത് കോൺഗ്രസ് അധഃപതിച്ചിരിക്കുകയാണ്.''

ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കള്‍ മാധ്യമങ്ങളെ കാണുന്നു

ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കള്‍ മാധ്യമങ്ങളെ കാണുന്നു

Posted by MediaoneTV on Friday, July 29, 2022

രാജ്യം ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്‌നം സംഘ്പരിവാറിന്റെ മതരാഷ്ട്ര സങ്കൽപമാണ്. എല്ലാ ഭരണഘടനാ മൂല്യങ്ങളെയും കാറ്റിൽപറത്തുകയാണ് അവർ. ഇതിനെതിരെ നിലപാട് സ്വീകരിക്കുന്ന സർക്കാരാണ് കേരളത്തിലെ സർക്കാർ. പൗരത്വ ഭേദഗതി നിയമം പാസാക്കി അതു നടപ്പാക്കിക്കൊള്ളണമെന്ന് അമിത് ഷാ ആക്രോശിച്ചപ്പോൾ ഇവിടെ നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ച് നിയമസഭയിൽ പ്രമേയം പാസാക്കിയ സർക്കാരാണ് കേരളത്തിലേതെന്നും വി.കെ സനോജ് കൂട്ടിച്ചേർത്തു.

Summary: There is a lot of dissatisfaction among the Muslim League activist with the Congress's soft-Hindutva stand, alleges DYFI State Secretary VK Sanoj

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News