കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വീണ്ടും കരാർ നിയമന വിവാദം; ഗവർണർക്ക് സിൻ്റിക്കേറ്റംഗത്തിൻ്റെ പരാതി
പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ള ജോലികൾക്കായി നൂറോളം അസിസ്റ്റൻ്റുമാരെ താൽക്കാലികമായി നിയമിക്കാനാണ് സർവ്വകലാശാലാ തീരുമാനം
കാലിക്കറ്റ് സർവകലാശാലയിൽ ഉത്തരക്കടലാസുകളുമായി ബന്ധപ്പെട്ട് ജോലികൾക്ക് കരാർ ജീവനക്കാരെ നിയമിക്കാനുള്ള നീക്കം വിവാദത്തിൽ . ഉത്തര പേപ്പറിന്റെ ഫാൾസ് നമ്പറിംഗ്, ചോദ്യപേപ്പർ പാക്കിങ് എന്നിവക്കാണ് കരാർ ജീവനക്കാരെ നിയമിക്കുന്നത്. യൂണിവേഴ്സിറ്റി നടപടിക്കെതിരെ സിന്‍ഡിക്കേറ്റംഗം ഗവർണർക്ക് പരാതി നല്കി.
പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ള ജോലികൾക്കായി നൂറോളം അസിസ്റ്റൻ്റുമാരെ താൽക്കാലികമായി നിയമിക്കാനാണ് സർവ്വകലാശാലാ തീരുമാനം.യൂണിവേഴ്സിറ്റിക്കു സമീപത്തുള്ള മൂന്ന് പഞ്ചായത്തുകളിൽ നിന്നായി 36 വയസിനു താഴെയുള്ള ബിരുദധാരികൾക്ക് നിയമനം നല്കാനാണ് നിലവിൽ ധാരണ. പരീക്ഷാ ചുമതലകൾ താൽക്കാലിക ജീവനക്കാരെ ഏൽപ്പിക്കുന്നതിലൂടെ പരീക്ഷകളുടെ രഹസ്യ സ്വഭാവം അട്ടിമറിക്കപ്പെടുമെന്നാണ് പ്രധാന പരാതി.
എംപ്ലോയ്മെൻറ് എക്സേഞ്ച് വഴിയല്ലാതെയുള്ള നിയമനം വ്യാപക ക്രമക്കേടുകൾക്ക് വഴിയൊരുക്കുമെന്നും ആക്ഷേപമുണ്ട്.തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിൻ്റിക്കേറ്റംഗം റഷീദ് അഹമ്മദാണ് ഗവർണർക്ക് പരാതി നല്കിയത്.പി.എസ്.സി റാങ്ക് പട്ടികയിൽ നിന്നും താൽക്കാലിക നിയമനങ്ങൾ നടത്താൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നല്കിയിട്ടുണ്ട്.