വിവാദ പരാമർശം: എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ കേസ്
കലാപാഹ്വാന വകുപ്പ് ചുമത്തിയാണ് മലപ്പുറം പൊലീസ് കേസെടുത്തത്
മലപ്പുറം: വിവാദ പരാമർശത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സത്താർ പന്തല്ലൂരിനെതിരെ കേസെടുത്തു. കലാപാഹ്വാന വകുപ്പ് ചുമത്തിയാണ് മലപ്പുറം പൊലീസ് കേസെടുത്തത്.
അഷ്റഫ് കളത്തിങ്ങൽ എന്നയാളുടെ പരാതിയിലാണ് കേസ്. കഴിഞ്ഞദിവസം ഹിന്ദു ഐക്യവേദിയും പരാതി നൽകിയിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷൈനുവാണ് കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്.
സമസ്ത പണ്ഡിതന്മാരെ വെറുപ്പിക്കാൻ ശ്രമിക്കുന്നവരുടെ കൈവെട്ടുമെന്നും സമസ്തയോടല്ലാതെ മറ്റൊരു സംവിധാനത്തോടും കടപ്പാടില്ലെന്നുമുള്ള പരാമർശം രാജ്യത്തിന്‍റെ ഭരണഘടനയെയും നിയമ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നതും സമൂഹത്തിൽ ചേരിതിരിവ് സൃഷ്ടിച്ച് കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമാണെന്നാണ് ഹിന്ദു ഐക്യവേദിയുടെ പരാതിയിൽ പറയുന്നു.
കേസുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരനായ അഷ്റഫ് കളത്തിങ്ങൽപാറ അറിയിച്ചു. യുവാക്കളെ പ്രകോപിപ്പിക്കുന്നതായിരുന്നു സത്താർ പന്തല്ലൂരിൻ്റെ പ്രസംഗം. സമസ്തയുടെ നേതാക്കൾ ഇങ്ങനെ സംസാരിക്കാറില്ല. സമസ്തക്കും പരാതി നൽകും . താനും സമസ്തക്കാരാനാണ്. പൊതുപ്രവർത്തകൻ എന്ന രീതിയിലാണ് പരാതി നൽകിയത്. സംഘടനയിൽനിന്ന് നടപടിയെടുക്കേണ്ടത് സമസ്തയാണെന്നും അഷ്റഫ് കളത്തിങ്ങൽപാറ വ്യക്തമാക്കി.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പണ്ഡിതന്മാരെയും അതിന്‍റെ ഉസ്താദുമാരെയും വെറുപ്പിക്കാനും പ്രായസപ്പെടുത്താനും പ്രഹരമേൽപ്പിക്കാനും ആരു വന്നാലും ആ കൈ വെട്ടാൻ എസ്.എസ്.കെ.എസ്.എഫിന്‍റെ പ്രവർത്തകന്മാർ മുന്നിലുണ്ടാകുമെന്നായിരുന്നു സത്താർ പന്തല്ലൂർ പറഞ്ഞത്. എസ്.കെ.എസ്.എസ്.എഫ് 35-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാത്രി മലപ്പുറം ടൗൺഹാളിനു മുന്നിൽ നടത്തിയ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനെ അപമര്യദയായി ആരും കണേണ്ടതില്ല. സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് വേണ്ടി ജീവിക്കുന്ന, ആ പ്രസ്ഥാനത്തിന് വേണ്ടി മരിക്കാൻ സന്നദ്ധരായ ഒരു പ്രസ്ഥാനത്തിന്‍റെ മുന്നറിയിപ്പാണെന്ന് എല്ലാവരും തിരിച്ചറിയണം. സമസ്തയോടെല്ലാതെ ഒരു പ്രസ്ഥാനത്തോടും ഈ സംഘടന വീട്ടുവീഴ്ച്ചക്കില്ലെന്നും സത്താർ പന്തല്ലൂർ പറഞ്ഞിരുന്നു.
അതേസമയം, സത്താർ പന്തല്ലൂരിനെ തള്ളി സമസ്ത നേതാക്കൾ രംഗത്ത് വന്നിരുന്നു. തീവ്ര സ്വഭാവത്തിൽ സംസാരിക്കുന്നത് സമസ്തയുടെ ശൈലിയല്ലെന്ന് മലപ്പുറം ജില്ല സെക്രട്ടറി മൊയ്തീൻ ഫൈസി പുത്തനഴി വ്യക്തമാക്കി. നിലവിലെ വിഷയം ഉന്നത നേതൃത്വം വേണ്ട രീതിയിൽ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.